ജീവിതത്തിൽ ഇതുവരെ ചെറിയൊരു മരത്തിൽ പോലും കയറി പരിചയമില്ലാത്ത അധ്യാപകൻ കാട്ടുപന്നിയെ കണ്ട് വെപ്രാളത്തിൽ കയറിയത് ഭീമൻ റബ്ബർ മരത്തിലേക്ക്. തിരിച്ച് ഇറങ്ങാനാകാതെ ഒടുവിൽ മണിക്കൂറുകളോളം മരക്കൊമ്പിൽ കുടുങ്ങിയ അധ്യാപകൻ സമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടത്തിന് പിന്നാലെ ഫയർഫോഴ്സ് എത്തിയാണ് താഴെയിറക്കിയത്.
വെള്ളറട സ്വദേശി കോവില്ലൂർ രാധാകൃഷ്ണൻ (53) എന്ന അധ്യാപകനെയാണ് ഫയർഫോഴ്സ് എത്തി രക്ഷിച്ചത്.
കൂതാളി ഈശ്വരവിലാസം സ്കൂളിലെ അധ്യാപകനും കവിയും നാടകകൃത്തുമാണ് ഇദ്ദേഹം. കഴിഞ്ഞ ദിവസം രാവിലെ കോവില്ലൂർ – കലപ്പക്കോണം ഭാഗത്ത് സ്വന്തം തോട്ടത്തിൽ റബ്ബർ ടാപ്പിങ് നടത്തുകയായിരുന്നു രാധാകൃഷ്ണൻ.
കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തുനിന്ന് പെട്ടെന്നാണ് ഭീമൻ കാട്ടുപന്നി അദ്ദേഹത്തിനു നേരെ പാഞ്ഞടുത്തത്. ഓടി രക്ഷപ്പെടാൻ വഴിയില്ലാതെ വന്നതോടെ, പ്രാണരക്ഷാർത്ഥം തൊട്ടടുത്തുണ്ടായ കൂറ്റൻ റബ്ബർ മരത്തിലേക്ക് വലിഞ്ഞു കയറുകയായിരുന്നു.
എന്നാൽ ഭയം മാറിയപ്പോഴാണ് താൻ എത്തിനിൽക്കുന്നത് മരത്തിന്റെ ഏറ്റവും മുകളിലെ അപകടകരമായ ഭാഗത്താണെന്ന് മനസിലായത്. താഴെയിറങ്ങാൻ കഴിയാതെ രണ്ട് ശിഖരങ്ങൾ ചേരുന്ന കൊമ്പിനിടയിൽ കുരുങ്ങിപ്പോയ അധ്യാപകൻ മൊബൈൽ ഫോൺ എടുത്ത് വീഡിയോ പകർത്തി സമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.
ഒപ്പം പാറശാല ഫയർഫോഴ്സിനെയും വിളിച്ച് വിവരമറിയിച്ചു. ഉടൻ പാറശാല ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി.
വളരെ പണിപ്പെട്ടാണ് അധ്യാപകനെ സുരക്ഷിതമായി താഴെയിറക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

