ദേശീയ പതാകയെ എന്തിനാണ് ഭരണകൂടം തടയുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമാണോയെന്നും ചോദിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്ത്. സ്വന്തം റാലിയിൽ ദേശീയ പതാകയെ മോദി തടയുമോയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എന്തുവന്നാലും തിരംഗ മാർച്ച് മുന്നോട്ട് കൊണ്ടുപോകുമെന്നും സിജെപി നേതൃത്വം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ക്രമക്കേടുകൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിജെപി യോഗം ആവർത്തിച്ചു ആവശ്യപ്പെട്ടു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സ്വതന്ത്ര അന്വേഷണം വേണമെന്നും, പ്രതിഷേധങ്ങൾക്ക് നേരെ നടക്കുന്ന പൊലീസ് അതിക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സമാധാനപരമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്ന് രാത്രി വൈകി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സിജെപി നേതാക്കൾ വ്യക്തമാക്കി.
അതേസമയം, പ്രതിഷേധത്തിന് 11 പേരെ മാത്രം അനുവദിക്കാമെന്നാണ് ദില്ലി പൊലീസിന്റെ നിലപാട്. ഇതിനായി 11 നേതാക്കളുടെ പേരുകൾ നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊണാട്ട് പ്ലേസിലെ പ്രത്യേക സ്ഥലത്ത് പതാകയുമായി അൽപസമയം പ്രതിഷേധിക്കാൻ മാത്രമാണ് അനുമതിയുള്ളത്. സുരക്ഷയുടെ ഭാഗമായി സെൻട്രൽ പാർക്കിന് ചുറ്റും നാളെ 6000 പൊലീസുകാരെ വിന്യസിക്കും.
പൊതുജനങ്ങൾ ഈ പ്രതിഷേധത്തിൽ പങ്കുചേരരുതെന്നും ദില്ലി പൊലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിഷേധം സംഘടിപ്പിക്കുന്നതിൽ നിന്ന് സിജെപിയെ തടയാൻ ദില്ലി ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് ചുരുക്കം ചിലരെ പ്രതിഷേധിക്കാൻ അനുവദിക്കാമെന്ന് പൊലീസ് വ്യക്തമാക്കിയത്.
ഒക്ടോബർ 16-ന് വൈകുന്നേരം 5 മണിക്ക് ദേശീയ പതാകയുമായി സെൻട്രൽ പാർക്കിൽ ഒത്തുചേരാനാണ് അഭിജീത് ദിപ്കെ ആഹ്വാനം ചെയ്തിട്ടുള്ളത്. “ഞങ്ങൾ 100 സ്ഥലങ്ങളിൽ തിരംഗ യാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചാൽ, നരേന്ദ്ര മോദി ഈ 100 സ്ഥലങ്ങളും അടച്ചിടുമോ?” എന്നാണ് അഭിജീത് ദിപ്കെയുടെ ചോദ്യം.
കൊണാട്ട് പ്ലേസിലും സമീപ പ്രദേശങ്ങളിലും ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ നിലവിലുണ്ടെന്ന് പൊലീസ് ഓർമ്മിപ്പിച്ചു. അതിനാൽ പൊതുജനങ്ങൾ ഇവിടെ ഒത്തുചേരരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

