രാഷ്ട്രീയ പാർട്ടികൾക്ക് മെഷീൻ റീഡബിൾ ഡിജിറ്റൽ വോട്ടർ പട്ടിക കൈമാറാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി തീരുമാനിച്ചു. കേരളമടക്കം 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വാര്ഷിക വോട്ടര് പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവിലാണ് കമ്മീഷന് ഈ സുപ്രധാന തീരുമാനം വ്യക്തമാക്കിയത്.
വോട്ടർമാരുടെ ചിത്രങ്ങൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള വിവരങ്ങളാകും ഈ ഡിജിറ്റൽ പട്ടികയിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭ്യമാക്കുക. നേരത്തെ വിവരങ്ങൾ വേഗത്തിൽ പരിശോധിക്കാനും തിരയാനും സാധിക്കാത്ത തരത്തിലുള്ള ഫോർമാറ്റിലാണ് വോട്ടർ പട്ടിക നൽകിയിരുന്നത്.
എന്നാൽ, പുതിയ ഡിജിറ്റൽ സംവിധാനം വരുന്നതോടെ ആവശ്യമായ വിവരങ്ങൾ വളരെ എളുപ്പത്തിൽ തിരഞ്ഞ് കണ്ടെത്താൻ സാധിക്കും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ വർഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഈ വിഷയം പ്രത്യേകമായി ഉന്നയിച്ചിരുന്നു.
വാർഷിക പുതുക്കൽ നടപടിക്കായി കരട് തയ്യാറാക്കുന്ന വേളയിൽ തന്നെ ഇനി മുതൽ വോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറുന്നതാണ്. ഇതിനുപുറമെ, മത്സരരംഗത്തുള്ള സ്ഥാനാർത്ഥികൾക്കും അക്ഷരമാല ക്രമത്തിൽ പേരുകൾ ക്രകീകരിച്ച വോട്ടർപട്ടികയുടെ റീഡബിൾ സോഫ്റ്റ് കോപ്പി നൽകും.
വോട്ടർ പട്ടികയിൽ ഓരോ ആഴ്ചയിലും വരുത്തുന്ന കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും സംബന്ധിച്ച വിവരങ്ങൾ അതാത് സമയം രാഷ്ട്രീയ കക്ഷികളെ അറിയിക്കണമെന്നും കമ്മീഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എസ്ഐആര് നടപടികൾ പൂർത്തിയായ സംസ്ഥാനങ്ങളിലാണ് നിലവിൽ വാർഷിക വോട്ടർ പട്ടിക പുതുക്കാനുള്ള പ്രക്രിയകൾ ആരംഭിച്ചിട്ടുള്ളത്.
എസ്ഐആറിന് മുമ്പുള്ള ഫോം 6 ആയിരിക്കും ഇതിനായി ഉപയോഗപ്പെടുത്തുക. പുതുക്കിയ അന്തിമ വോട്ടർ പട്ടിക 2027 ജനുവരി നാലിന് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.
അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളും ഈ പട്ടിക പരിഷ്കരണത്തിന് കീഴിൽ ഉൾപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

