പാലക്കാട് വണ്ടിത്താവളം മൂലത്തറയിൽ ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ട
അജ്ഞാത യുവാവിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ഏറെ ഞെട്ടലുണ്ടാക്കുന്നു.
യുവാവ് അനുഭവിച്ചിട്ടുള്ള ക്രൂരമായ യാതനകളുടെ ആഴമാണ് ഈ കുറിപ്പിലൂടെ പുറത്തുവന്നിരിക്കുന്നത്. ‘‘ശരീരമാസകലം ഒട്ടേറെ ക്ഷതങ്ങൾ.
ക്ഷതങ്ങളോടനുബന്ധിച്ചു കോശകലകളിൽ രക്തം വ്യാപിച്ചിറങ്ങിയതിന്റെ തെളിവുകൾ. ഒരു മനുഷ്യശരീരത്തിൽ ക്രൂരമായ മർദനം അവശേഷിപ്പിച്ച അടയാളങ്ങൾ’’ എന്നാണ് തൃശൂർ ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫൊറൻസിക് സർജനായ ഡോ. ഹിതേഷ് ശങ്കർ തന്റെ കുറിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്.
ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ സമൂഹം ഇനിയെങ്കിലും പ്രതികരിക്കണമെന്നും മനോദൗർബല്യം പ്രകടിപ്പിക്കുന്നവരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമിപ്പിച്ചു.
പാലക്കാട് അട്ടപ്പാടിയിൽ നടന്ന മധുവിന്റെ കൊലപാതകവും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമനടപടികൾ വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു ഏഴംഗ സംഘത്തിന്റെ മർദനമേറ്റ് കൊല്ലപ്പെട്ട യുവാവിന്റെ യഥാർത്ഥ വിലാസം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്.
ഇയാൾ തമിഴിൽ ചില വാക്കുകൾ സംസാരിച്ചിരുന്നു എന്ന നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം തമിഴ്നാട്ടിലേക്ക് മാറ്റിയത്. ചിറ്റൂർ ഡിവൈഎസ്പി എം.
ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം പൊള്ളാച്ചി ആനമല സ്റ്റേഷൻ സന്ദർശിച്ചെങ്കിലും ഇതുവരെ നിർണായക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ജില്ലാ പൊലീസ് മേധാവി കോയമ്പത്തൂർ മേധാവിയുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ട്.
മാസങ്ങളോളം വണ്ണാമട, കൊഴിഞ്ഞാമ്പാറ, ഗോപാലപുരം മേഖലകളിൽ ഇയാളെ കണ്ടിരുന്നതായി വിവരമുണ്ട്. ഏതാനും ആഴ്ചകൾക്ക് മുൻപാണ് മീനാക്ഷിപുരം ഭാഗത്ത് എത്തിയത്.
മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഇയാൾ കടകൾക്ക് മുന്നിൽ വിശപ്പുമായി നിൽക്കുന്നതും, എന്തെങ്കിലും നൽകിയാൽ അത് വാങ്ങി കഴിച്ചു പോകുന്നതുമായിരുന്നു പതിവെന്ന് പ്രദേശവാസികൾ പറയുന്നു. നഗ്നനായി കാണപ്പെട്ടിരുന്ന ഇയാൾക്ക് നാട്ടുകാർ ചേർന്നാണ് പിന്നീട് എളുപ്പത്തിൽ അഴിഞ്ഞുപോകാത്ത പാന്റ്സ് ധരിപ്പിച്ചത്.
കൊല്ലപ്പെട്ട സമയത്തും ഇയാൾ ഈ വസ്ത്രം തന്നെയായിരുന്നു ധരിച്ചിരുന്നത്.
പ്രതികൾ റിമാൻഡിൽ സംഭവത്തിൽ കൊഴിഞ്ഞാമ്പാറ വണ്ണാമട സ്രാമ്പി തട്ടാൻചള്ള സ്വദേശികളായ എം.
കാർത്തിക് (26), എൻ. നവീൻ (24), എ.
സഞ്ജയ് (27), എം. പ്രശാന്ത് കുമാർ (35), പി.
കതിരേശൻ (23), എം. മണികണ്ഠൻ (25), എസ്.
സൂര്യപ്രകാശ് (22) എന്നിവരെയാണ് ചിറ്റൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തത്. ഞായർ പുലർച്ചെ മൂലത്തറ റഗുലേറ്ററിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
മാനസിക അസ്ഥിരതയുള്ള യുവാവ് പൊതുസ്ഥലത്ത് നഗ്നതാ പ്രദർശനം നടത്തി എന്നാരോപിച്ചാണ് പ്രതികൾ ഇയാളെ അര കിലോമീറ്ററോളം പിന്തുടർന്ന് ആക്രമിച്ചത്. റഗുലേറ്ററിന് സമീപം വീണ ഇയാളെ പ്രതികൾ വട്ടമിട്ട് ചവിട്ടുകയും മരക്കഷണങ്ങൾ ഉപയോഗിച്ച് മർദിച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും തൃശൂർ മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് ഇത് കൊലപാതകമാണെന്ന് തെളിയിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ചിറ്റൂർ ഡിവൈഎസ്പി എം. ശശിധരന്റെ മേൽനോട്ടത്തിൽ കൊഴിഞ്ഞാമ്പാറ സിഐ എസ്.
രജീഷ്, എസ്ഐ എസ്. ശ്രീരാഗ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വാളയാറിലെ നീതിക്കായുള്ള കാത്തിരിപ്പ് മൂലത്തറ സംഭവം നാടിനെ നടുക്കുമ്പോൾ, മാസങ്ങൾക്ക് മുൻപ് വാളയാർ അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളി ആൾക്കൂട്ട വിചാരണയിൽ കൊല്ലപ്പെട്ടതിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല.
ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായൺ ഭാഗേൽ (31) ആണ് 2025 ഡിസംബർ 17 ന് സമാനമായ രീതിയിൽ കൊല്ലപ്പെട്ടത്. വഴിതെറ്റി എത്തിയ ഇയാളെ മോഷണക്കുറ്റം ആരോപിച്ച് മർദിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ അറസ്റ്റിലായ പ്രതികളിൽ ഒരാൾ ആത്മഹത്യ ചെയ്തിരുന്നു.
ബാക്കി പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചെങ്കിലും കുടുംബം ഇപ്പോഴും നീതിക്കായുള്ള കാത്തിരിപ്പിലാണ്. ശരീരമാസകലം 80-ലധികം പരുക്കുകളേറ്റാണ് രാംനാരായൺ കൊല്ലപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

