യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണകൂടവുമായുള്ള നയതന്ത്ര ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനിൽക്കെ, കനേഡിയൻ തലസ്ഥാനമായ ഒട്ടാവയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരിലുണ്ടായിരുന്ന തെരുവിന്റെ പേര് മാറ്റി സിറ്റി കൗൺസിൽ ഉത്തരവിട്ടു. നഗരത്തിലെ സെൻട്രൽ പാർക്ക് മേഖലയിൽ കഴിഞ്ഞ 25 വർഷമായി ‘ട്രംപ് അവന്യൂ’ (Trump Avenue) എന്നറിയപ്പെട്ടിരുന്ന റെസിഡൻഷ്യൽ തെരുവിനാണ് കൗൺസിൽ ഐകകണ്ഠേന ‘ടാക്കോ അവന്യൂ’ (Taco Avenue) എന്ന് പുനർനാമകരണം ചെയ്തത്.
വിചിത്രമായ പേരുള്ള കനേഡിയൻ തെരുവുകളുടെ നിരയിലേക്ക് ഈ മാറ്റവും എത്തുമ്പോൾ, കാനഡയിലെ മറ്റ് ചില പ്രദേശങ്ങളും സമാനമായ പേരുകളിലൂടെ കൗതുകമുണർത്തുന്നുണ്ട്. നോവ സ്കോട്ടിയയിലെ പോർട്ടേഴ്സ് ലേക്ക് പ്രദേശത്തെ തെരുവുകൾക്ക് ‘ദിസ് സ്ട്രീറ്റ്’ (This Street), ‘ദാറ്റ് സ്ട്രീറ്റ്’ (That Street), ‘ദി അതർ സ്ട്രീറ്റ്’ (The Other Street) എന്നിങ്ങനെയാണ് ലളിതവും എന്നാൽ അസാധാരണവുമായ പേരുകൾ നൽകിയിട്ടുള്ളത്.
കൂടാതെ നൂനാവുട്ടിലെ ഇഖാലുറ്റിലുള്ള മറ്റൊരു തെരുവിന്റെ പേര് ‘റോഡ് ടു നൊവേയർ’ (Road to Nowhere) എന്നാണ്. കാനഡയിൽ തെരുവുകൾക്ക് യാതൊരുവിധ മാനദണ്ഡങ്ങളുമില്ലാതെ പേരിടുന്നത് ആദ്യ സംഭവമല്ല.
വാൻകൂവറിലെ 651 തെരുവുകളിൽ വ്യക്തികളുമായോ ചരിത്ര സംഭവങ്ങളുമായോ യാതൊരു ബന്ധവുമില്ലാതെ 62 തെരുവുകൾക്ക് പേരിട്ടിട്ടുണ്ട്. ‘കാനഡ’ (Canada) എന്ന പേര് തിരിച്ചെഴുതി ഉണ്ടാക്കിയ ‘അഡനാക്’ (Adanac) സ്ട്രീറ്റ് ഇതിന് ഉദാഹരണമാണ്.
1920-കളിലും 30-കളിലും ഒരു സിറ്റി എൻജിനീയറുടെ നിർബന്ധത്തിന് വഴങ്ങി, പ്രശസ്ത എഴുത്തുകാരൻ സർ വാൾട്ടർ സ്കോട്ടിന്റെ പുസ്തകങ്ങളുടെയും കഥാപാത്രങ്ങളുടെയും പേര് 12 തെരുവുകൾക്ക് നൽകുകയുണ്ടായി. വാൻകൂവറിൽ വനിതകളുടെയും ന്യൂനപക്ഷ വിഭാഗക്കാരുടെയും പേരുകളിലുള്ള തെരുവുകളേക്കാൾ കൂടുതൽ ഗോൾഫ് കോഴ്സുകളുടെ പേരിൽ തെരുവുകളുണ്ട്.
കൃത്യമായ ഔദ്യോഗിക സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്ത് റെയിൽവേ കമ്പനികളും സിറ്റി കൗൺസിലുകളുമാണ് ഇത്തരം പേരുകൾ നൽകിയിരുന്നത്. എന്നാൽ, നിലവിൽ തെരുവുകൾക്ക് പേരിടുന്നതിനായി നഗരത്തിൽ പ്രത്യേക സമിതി പ്രവർത്തിക്കുന്നുണ്ട്.
കനേഡിയൻ അതിർത്തിയിലുള്ള ഗ്രേറ്റ് ലേക്സ് മേഖലയിലെ ഒന്റാരിയോ തടാകത്തിന്റെ പേര് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മാറ്റി സ്ഥാപിക്കാൻ ട്രംപ് ശ്രമിക്കുന്നതിനിടെയാണ് ഈ നടപടി. ഭാവിയിലെങ്കിലും നഗര ആസൂത്രകർ തെരുവുകൾക്ക് അർത്ഥവത്തായതും സർഗ്ഗാത്മകവുമായ പേരുകൾ നൽകുമെന്ന പ്രതീക്ഷയിലാണ് കാനഡയിലെ ജനങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

