കൊച്ചി: മാസപ്പടി ഹവാല ഇടപാട് കേസിലെ സിംഗിൾ ബെഞ്ച് ഉത്തരവിൽ അടിയന്തര സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി തയ്യാറായില്ല. പിണറായി വിജയന് അടക്കമുള്ളവർ സമർപ്പിച്ച അപ്പീലുകൾ ഫയലിൽ സ്വീകരിക്കണോ എന്ന കാര്യത്തിൽ കോടതി വിധി പറയാനായി മാറ്റി.
ഹർജിക്കാർ അടിയന്തര സ്റ്റേ ആവശ്യപ്പെട്ടെങ്കിലും, അപ്പീൽ സ്വീകരിക്കുന്നതിൽ ആദ്യം തീരുമാനമെടുക്കട്ടെ എന്നും അതിനുശേഷമാകും സ്റ്റേ അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുക എന്നും കോടതി വ്യക്തമാക്കി. അതേസമയം, ഹർജിയിൽ പിണറായി വിജയന്റെ വാദങ്ങളെ പൂർണ്ണമായും പിന്തുണയ്ക്കുന്ന നിലപാടാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഹൈക്കോടതിയിൽ ഉണ്ടായത്.
കെ എം ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരൻ അല്ലെന്ന് വ്യക്തമാക്കിയ സർക്കാർ, കേസെടുക്കാൻ മാത്രം മതിയായ തെളിവുകൾ ലഭിച്ചിരുന്നില്ലെന്നും കോടതിയെ അറിയിച്ചു. ചില ഡയറി രേഖകൾ മാത്രമാണ് അന്വേഷണത്തിൽ ലഭിച്ചതെന്നും, അതുകൊണ്ടാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതെന്നും സർക്കാർ വ്യക്തമാക്കി.
പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടിൽ തന്നെയാണ് ഇപ്പോഴും സർക്കാരുള്ളതെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയിൽ ആവർത്തിച്ചു. എന്നാൽ പ്രതികളുടെ ഹർജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശക്തമായി എതിർത്തു.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതികൾക്ക് എങ്ങനെ അപ്പീൽ നൽകാൻ കഴിയുമെന്നായിരുന്നു ഇഡിയുടെ പ്രധാന ചോദ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

