കൊച്ചി നെടുമ്പാശ്ശേരിയിൽ മദ്യലഹരിയിൽ പത്തൊൻപതുകാരൻ ഓടിച്ച ആഡംബര കാറിടിച്ച് മൂന്നു പേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയാരോപിച്ച് മരിച്ച കൽപറ്റ മടക്കിമല സന്തോഷ് ഭവനിൽ കെ.വി.ദേവികയുടെ കുടുംബം രംഗത്ത്.
അപകടമുണ്ടാക്കിയ കാർ ഓടിച്ച സുഹൈൽ സജീവിനെ ജുവനൈൽ ഹോമിലേക്കാണ് റിമാൻഡ് ചെയ്തത്. 19 വയസ്സുള്ള ഒരാളെ എങ്ങനെയാണ് കുട്ടിയായി കണക്കാക്കാനാകുകയെന്നും ഇത്രയും വലിയ കുറ്റകൃത്യം ചെയ്തയാൾക്ക് എങ്ങനെയുമാണ് കുട്ടികളുടെ ജയിലിൽ കഴിയാൻ അവസരം ലഭിക്കുന്നതെന്നും കുടുംബം ചോദിക്കുന്നു.
പ്രതിയായ മകനെ രക്ഷിക്കാനുള്ള കുടുംബത്തിന്റെ സ്വാധീനമാണ് ഇതിന് പിന്നിലെന്ന് കരുതുന്നതായി ദേവികയുടെ പിതാവ് സന്തോഷ് വ്യക്തമാക്കി. മദ്യത്തിന് പുറമെ മറ്റ് ലഹരിവസ്തുക്കളും പ്രതി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അമിത വേഗതയിലായിരുന്ന കാർ തകർത്തത് മൂന്ന് കുടുംബങ്ങളുടെ വലിയ സ്വപ്നങ്ങളാണ്. ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ള കുടുംബമാണ് തങ്ങളുടേത്.
സ്ഥലം വിറ്റും വായ്പയെടുത്തുമാണ് മകൾ ദേവികയെ പഠിപ്പിച്ചത്. മൂന്ന് നാല് മാസത്തിനുള്ളിൽ ഗൾഫിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു അവൾ.
മൂന്ന് ബാറുകളിൽ കയറി മദ്യപിച്ച ശേഷമാണ് സുഹൈൽ സജീവ് വാഹനം ഓടിച്ചതെന്ന് വിവരങ്ങളുണ്ടെന്നും നാട്ടുകാരും അമിതവേഗതയെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും കുടുംബം പറയുന്നു. എന്നാൽ പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുള്ള കേസ് മാത്രമാണ് ചുമത്തിയിട്ടുള്ളത്.
അതിനാൽ കൊലക്കുറ്റത്തിന് തന്നെ കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ‘എല്ലാം വാപ്പച്ചി നോക്കിക്കൊള്ളും’ എന്ന് പ്രതി പറഞ്ഞത് പണത്തിന്റെ ഹുങ്കും ധിക്കാരവുമാണ് കാണിക്കുന്നത്.
ഇത്തരത്തിലുള്ള ദുരോഗങ്ങൾ ഇനി ആർക്കും ഉണ്ടാകരുത്. പൊലീസ് ഇതുവരെയും അനുകൂലമായ രീതിയിലാണ് പെരുമാറിയത്.
കോടീശ്വരിയായ അമ്മ മകന് പിറന്നാൾ സമ്മാനമായി നൽകിയതാണ് ഈ ആഡംബര കാറെന്ന് അറിയാൻ കഴിഞ്ഞു. പഠനത്തിലും കലാപരിപാടികളിലും ഒരുപോലെ തിളങ്ങിയിരുന്ന മിടുക്കിയായിരുന്നു ദേവിക.
ബിബിഎയും ഏവിയേഷൻ കോഴ്സും മികച്ച വിജയത്തോടെ പൂർത്തിയാക്കി നല്ലൊരു ജോലിക്ക് ശ്രമിക്കുന്നതിനിടയിലാണ് ഈ വേർപാട്. നിയമത്തിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് നീതി ലഭിക്കുമെന്നാണ് പൂർണ്ണ വിശ്വാസമെന്നും സന്തോഷ് കൂട്ടിച്ചേർത്തു.
പ്രതിക്കെതിരെ കൂടുതൽ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്ന് ദേവികയുടെ അമ്മയുടെ സഹോദരൻ സന്ദീപ് ആവശ്യപ്പെട്ടു. സുഹൈൽ വരുത്തിവെച്ച ഈ അപകടത്തിന് പരമാവധി ശിക്ഷ ലഭിക്കണം.
നിയമപരമായ ഏത് അറ്റം വരെയും പോരാട്ടം തുടരുമെന്നും കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷയായിരുന്നു ദേവികയെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച രാത്രി പത്തുമണിയോടെ തെക്കുംതറയിലെ തറവാട്ടു വീടായ പുതിയപുരയിലായിരുന്നു ദേവികയുടെ സംസ്കാര ചടങ്ങുകൾ നടന്നത്.
നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാനായി എത്തിയത്.

