ആലുവയിൽ ഓട്ടോറിക്ഷാ ഡ്രൈവറായ സജീവ് കാണിച്ച മാതൃകാപരമായ സത്യസന്ധതയിലൂടെ യാത്രക്കാരന് നഷ്ടപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കളടങ്ങിയ ബാഗ് സുരക്ഷിതമായി തിരികെ ലഭിച്ചു.
പാലക്കാട് പുതുപ്പരിയാരം സ്വദേശിയായ സുരേഷ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ലിങ്ക് ബസ് മാർഗ്ഗമാണ് ആലുവ മെട്രോ സ്റ്റേഷനിൽ എത്തിയത്. തുടർന്ന് അവിടെ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനായി സജീവിന്റെ ഓട്ടോറിക്ഷ തിരഞ്ഞെടുക്കുകയായിരുന്നു.
ലക്ഷ്യസ്ഥാനത്ത് എത്തി യാത്ര അവസാനിപ്പിച്ച ശേഷം, പാസ്പോർട്ടും മടക്കയാത്രാ ടിക്കറ്റും മറ്റ് പ്രധാനപ്പെട്ട വസ്തുക്കളും സൂക്ഷിച്ചിരുന്ന ബാഗ് സുരേഷ് ഓട്ടോയിൽ തന്നെ മറന്നുപോവുകയായിരുന്നു.
യാത്രയ്ക്കിടയിൽ തൃശൂരിൽ എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം സുരേഷിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ ആലുവയിൽ തിരിച്ചെത്തി വിവിധ കേന്ദ്രങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഓട്ടോറിക്ഷ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് സംഭവം പൊലീസിൽ അറിയിക്കുകയും, ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകൾ വഴി വിവരങ്ങൾ കൈമാറുകയും ചെയ്തു.
ഇതിനിടയിൽ വാഹനം വൃത്തിയാക്കുന്നതിനിടയിലാണ് സീറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് സജീവ് കണ്ടെത്തുന്നത്.
ഒട്ടും സമയം കളയാതെ അദ്ദേഹം ഉടൻ തന്നെ ബാഗ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ഔദ്യോഗിക നടപടികൾക്ക് ശേഷം, എസ്എച്ച്ഒ രഞ്ജിത്ത് മാത്യു, എസ്ഐമാരായ ബെന്നി കുര്യാക്കോസ്, കെ.കെ സജീഷ് എന്നിവരുടെ സാന്നിധ്യത്തിൽ സജീവ് നേരിട്ട് ബാഗ് ഉടമസ്ഥന് കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

