സാമ്പത്തിക വളർച്ച എന്നത് എപ്പോഴും ഒരേപോലെ മുന്നോട്ടുപോകുന്ന ഒന്നല്ല, മറിച്ച് ഉയർച്ചതാഴ്ചകളിലൂടെയാണ് അത് കടന്നുപോകുന്നത്. കടുത്ത മാന്ദ്യമോ അല്ലെങ്കിൽ നിയന്ത്രണാതീതമായ വിലക്കയറ്റമോ (പണപ്പെരുപ്പം) ഒഴിവാക്കാൻ കൃത്യസമയത്ത് സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുക എന്നത് സർക്കാരുകൾക്കും കേന്ദ്ര ബാങ്കുകൾക്കും വളരെ പ്രധാനപ്പെട്ട
കാര്യമാണ്. 2026-ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹരായ റോബർട്ട് ഇ.
ഹാൾ, മൈക്കൽ വുഡ്ഫോർഡ് എന്നിവരുടെ ഗവേഷണങ്ങൾ ഈ സാമ്പത്തിക സ്ഥിരീകരണ നയങ്ങളിൽ (Stabilization Policy) വലിയൊരു വിപ്ലവത്തിനാണ് തുടക്കമിട്ടത്. ഏകദേശം ഒരു നൂറ്റാണ്ട് മുൻപ് ജോൺ മെയ്നാർഡ് കെയിൻസ് മുന്നോട്ടുവച്ച ആശയങ്ങളായിരുന്നു ഇതുവരെ സാമ്പത്തിക നയങ്ങളുടെ അടിത്തറ.
ഇതനുസരിച്ച്, ഉപഭോക്താക്കളുടെയും വ്യവസായങ്ങളുടെയും മൊത്തത്തിലുള്ള ആവശ്യകതയും (Demand) ഉൽപാദനക്ഷമതയും തമ്മിൽ തനിയെ പൊരുത്തപ്പെടണമെന്നില്ല. ആവശ്യകത വളരെ കുറഞ്ഞാൽ തൊഴിലില്ലായ്മയും മാന്ദ്യവും ഉണ്ടാകും, ആവശ്യകത കൂടിയാൽ സമ്പദ്വ്യവസ്ഥ ചൂടുപിടിച്ച് പണപ്പെരുപ്പം വർധിക്കും.
പരമ്പരാഗത കെയിൻസിയൻ മാതൃകകൾ പണപ്പെരുപ്പം, ഉപഭോഗം, തൊഴിലില്ലായ്മ, ഉൽപാദനം തുടങ്ങി പ്രധാന സാമ്പത്തിക ഘടകങ്ങൾ തമ്മിലുള്ള സ്ഥിരമായ സ്ഥിതിവിവരക്കണക്കുകളെയാണ് (Statistical correlations) ആശ്രയിച്ചിരുന്നത്. ഉദാഹരണത്തിന്, തൊഴിലില്ലായ്മ കൂടുമ്പോൾ പണപ്പെരുപ്പം കുറയുമെന്ന ‘ഫിലിപ്സ് കർവ്’ (Phillips curve) സിദ്ധാന്തം ഇതിൽ പെടുന്നു.
എന്നാൽ, 1970കളിലെ എണ്ണ പ്രതിസന്ധിക്കാലത്ത് ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റുന്ന കാഴ്ചയാണ് കണ്ടത്. തൊഴിലില്ലായ്മ വർധിച്ചപ്പോഴും പണപ്പെരുപ്പം ഉയർന്നുനിൽക്കുന്ന സ്ഥിതിയുണ്ടായി.
ഇത് തെറ്റായ സമയത്ത് തെറ്റായ സാമ്പത്തിക ഉത്തേജനങ്ങൾ നൽകുന്നതിലേക്കും ദീർഘകാല മാന്ദ്യത്തിലേക്കും നയിച്ചു. പഴയ മാതൃകകളിലെ പിഴവുകൾ ചൂണ്ടിക്കാണിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനാണ് റോബർട്ട് ഇ.
ലൂക്കാസ് ജൂനിയർ. സമ്പദ്വ്യവസ്ഥയെ മുകളിൽ നിന്ന് താഴേക്ക് മാത്രം വീക്ഷിക്കുന്നതിന് പകരം, താഴെത്തട്ടിൽ നിന്ന് അതായത് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും തീരുമാനങ്ങളിൽ നിന്ന് വേണം സാമ്പത്തിക വളർച്ചയെ വിലയിരുത്താൻ എന്ന് അദ്ദേഹം വാദിച്ചു.
പണപ്പെരുപ്പം എന്നത് ആയിരക്കണക്കിന് ബിസിനസ്സുകൾ എടുക്കുന്ന വിലനിർണയ തീരുമാനങ്ങളിലൂടെയാണ് രൂപപ്പെടുന്നത്. അതുപോലെ, സ്വകാര്യ ഉപഭോഗത്തിന്റെ ആകെത്തുക കോടിക്കണക്കിന് കുടുംബങ്ങളുടെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു.
ഈ ആശയത്തെ മുൻനിർത്തി റോബർട്ട് ഹാളും മൈക്കൽ വുഡ്ഫോർഡും നടത്തിയ പഠനങ്ങളാണ് പുതിയ സാമ്പത്തിക നയങ്ങൾക്ക് രൂപം നൽകിയത്. വ്യക്തികളുടെ ഉപഭോഗം അവരുടെ ഇന്നത്തെ വരുമാനത്തെ മാത്രമല്ല, ഭാവി വരുമാനത്തെക്കുറിച്ചുള്ള പ്രതീക്ഷകളെയും ആശ്രയിച്ചാണിരിക്കുന്നത് എന്നതായിരുന്നു മുൻകാല വാദങ്ങൾ.
എന്നാൽ ഭാവിയിലെ പ്രതീക്ഷകൾ നേരിട്ട് അളക്കുക എളുപ്പമായിരുന്നില്ല. റോബർട്ട് ഹാൾ ഇതിനൊരു പുതിയ പരിഹാരം കണ്ടെത്തി.
കുടുംബങ്ങളുടെ ഉപഭോഗ തീരുമാനങ്ങൾ തന്നെയാണ് അവരുടെ ഭാവി പ്രതീക്ഷകളുടെ ഏറ്റവും മികച്ച സൂചിക എന്ന് അദ്ദേഹം വാദിച്ചു. ആളുകൾ ശുഭാപ്തിവിശ്വാസമുള്ളവരാണെങ്കിൽ കൂടുതൽ ഉപയോഭോഗം നടത്തും, ആശങ്കയുള്ളവരാണെങ്കിൽ ചെലവുകൾ ചുരുക്കും.
പുതിയതും അപ്രതീക്ഷിതവുമായ വിവരങ്ങൾ ലഭിക്കുമ്പോൾ മാത്രമാണ് അവർ തങ്ങളുടെ ഉപഭോഗ ശീലങ്ങളിൽ മാറ്റം വരുത്തുന്നത്. 1978-ൽ ഹാൾ അവതരിപ്പിച്ച ഈ പഠനം ആധുനിക ഉപഭോഗ ഗവേഷണങ്ങളിൽ വലിയൊരു വഴിതിരിവായി.
തുടർന്ന് മൈക്കൽ ഫ്രെഡ്മിഷ്കിനുമായി ചേർന്ന് നടത്തിയ പഠനങ്ങളിൽ, ഏകദേശം 80 ശതമാനത്തോളം ആളുകൾ ഭാവിയിലേക്ക് നോക്കിയാണ് ഉപഭോഗ തീരുമാനങ്ങൾ എടുക്കുന്നതെന്നും ബാക്കിയുള്ളവർ അന്നന്നത്തെ വരുമാനം മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണെന്നും ഇവർ തെളിയിച്ചു. 2003-ൽ മൈക്കൽ വുഡ്ഫോർഡ് മൈക്രോ ഫൗണ്ടേഷനുകളിൽ അധിഷ്ഠിതമായ പൂർണമായ ഒരു പുതിയ കെയിൻസിയൻ മാക്രോ മോഡൽ അവതരിപ്പിച്ചു.
സെൻട്രൽ ബാങ്കുകൾക്കും നയരൂപകർത്താക്കൾക്കും ഒരു ലബോറട്ടറി പോലെ പ്രവർത്തിക്കുന്ന ഒന്നാണിത്. പലിശനിരക്ക് കുറച്ചാൽ ജിഡിപിക്കും പണപ്പെരുപ്പത്തിനും എന്ത് സംഭവിക്കും എന്ന് കൃത്യമായി കണൂട്ടാൻ ഈ മാതൃക സഹായിക്കുന്നു.
1. പലിശനിരക്കും ഉപഭോഗവും: കേന്ദ്ര ബാങ്ക് നയപരമായ പലിശനിരക്ക് കുറയ്ക്കുമ്പോൾ സമ്പാദ്യം ലാഭകരമല്ലാതാകുകയും ആളുകൾ ഇന്നത്തെ ഉപഭോഗം വർധിപ്പിക്കുകയും ചെയ്യുന്നു.
നിഷ്പക്ഷമായ ഒരു പലിശനിരക്കിലൂടെ കേന്ദ്ര ബാങ്കുകൾക്ക് സാമ്പത്തിക പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് വുഡ്ഫോർഡ് തെളിയിച്ചു.
2. വിലകളിലെ കാഠിന്യം: ആവശ്യകത മാറുമ്പോഴെല്ലാം ബിസിനസ്സുകൾ പെട്ടെന്ന് ഉൽപന്നങ്ങളുടെ വില മാറ്റാറില്ല.
ഈ വിലനിർണയ ഘർഷണമാണ് (Pricing friction) വിപണിയിൽ ആവശ്യകതയെ പ്രധാന ഘടകമാക്കി മാറ്റുന്നത്. ബിസിനസ്സുകൾ ഭാവിയിലെ ചെലവുകളും എതിരാളികളുടെ വിലയും മുൻകൂട്ടി കണ്ടാണ് വില നിശ്ചയിക്കുന്നത്.
അതിനാൽ കേന്ദ്ര ബാങ്കുകളുടെ സുതാര്യവും വിശ്വസനീയവുമായ ആശയവിനിമയം വിപണിയിൽ വളരെ നിർണായകമാണ്.
3. ഔട്ട്പുട്ട് ഗ്യാപ്: യഥാർഥ ഉൽപാദനവും വിപണി വിലകൾ സ്വതന്ത്രമായി നിലനിൽക്കുമ്പോഴുള്ള സ്വാഭാവിക ഉൽപാദനവും തമ്മിലുള്ള വ്യത്യാസമാണിത്.
വിപണിയിലെ ആവശ്യകതയുടെ സമ്മർദം അളക്കാൻ ഇത് സഹായിക്കുന്നു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന വിതരണ തടസ്സങ്ങൾ മൂലം ഉൽപാദനം കുറയുകയും പണപ്പെരുപ്പം വർധിക്കുകയും ചെയ്യുമ്പോൾ, പലിശനിരക്ക് ഉയർത്തി വിപണിയെ തണുപ്പിക്കേണ്ടതുണ്ട് എന്ന് വുഡ്ഫോർഡിന്റെ മാതൃക ശുപാർശ ചെയ്യുന്നു.
റോബർട്ട് ഹാളിന്റെയും മൈക്കൽ വുഡ്ഫോർഡിന്റെയും ഗവേഷണങ്ങൾ ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾക്കും ധനകാര്യ മന്ത്രാലയങ്ങൾക്കും വലിയൊരു അനുഗ്രഹമായി മാറി. കോവിഡ് മഹാമാരിയുടെ കാലത്തും സമീപകാലത്തെ ഊർജ പ്രതിസന്ധികളിലും സമ്പദ്വ്യവസ്ഥയെ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ഈ പുതിയ നയങ്ങൾ സഹായിച്ചു.
1930കളിലെപ്പോലെയുള്ള വലിയ സാമ്പത്തിക മാന്ദ്യങ്ങളിലേക്ക് ലോകം വീണുപോകാതെ തടയാൻ ഈ ശാസ്ത്രീയ മുന്നേറ്റങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

