തിരുവനന്തപുരം∙ സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗികപദവി ദുരുപയോഗപ്പെടുത്തി അനധികൃതമായി ധനസമ്പാദനത്തിനു ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായി വിജിലന്‍സ് എഫ്ഐആര്‍. അഴിമതി നിരോധന നിയമത്തിലെ 13(2), 13(1)ഡി, 12, 13(1)ബി, 13(2) എന്നീ വകുപ്പുകളും 1860 ഐപിസി 120 ബി വകുപ്പുമാണു ചുമത്തിയിരിക്കുന്നത്.
പിണറായി വിജയന് ഒന്നാം പ്രതിയായ കേസില്‍ മകള്‍ വീണയാണ് രണ്ടാം പ്രതി. എക്സാലോജിക് കമ്പനി, എസ്.എന്‍.ശശിധരന് കര്‍ത്ത, പി.സുരേഷ്കുമാര്‍, സിഎംആര്‍എല്‍, എംപവര്‍ ഇന്ത്യ എന്നിവരാണ് മറ്റു പ്രതികള്‍.
2016 മുതല്‍ 2020 വരെ മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയന്, മകള്‍ വീണ, എക്സാലോജിക് കമ്പനി എന്നിവര്‍ സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത, മുന്‍ സിഎഫ്ഒ പി.സുരേഷ്കുമാര്‍ എന്നിവരുമായി ക്രിമിനല്‍ ഗൂഢാലോചന നടത്തി അഴിമതിയിലൂടെ അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന് എഫ്ഐആറില്‍ പറയുന്നു. സിഎംആര്‍എല്‍ സാങ്കേതിക, മാര്‍ക്കറ്റിങ് സേവനങ്ങള്‍ക്കെന്ന പേരില്‍ വീണയ്ക്കും എക്സാലോജിക്കിനും 3.28 കോടി രൂപ നല്കി.
എക്സാലോജിക്കിനു മാസം 3 ലക്ഷം വീതം റീട്ടെയ്നര്‍ ഫീസ് നല്‍കിയിരുന്നു. അതിനൊപ്പം വീണയെ ഐടി, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റായി നിയമിച്ച് പ്രതിമാസം 5 ലക്ഷം രൂപയും സിഎംആര്‍എല്‍ നല്കി.
എല്ലാവിധ മാനദണ്ഡങ്ങളും ലംഘിച്ചായിരുന്നു നടപടി എന്നും എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമായ ഇന്‍വോയിസ് ഇല്ലാതെ വീണയ്ക്ക് സിഎംആര്‍എല്‍ 2017 മാര്‍ച്ച് 3 മുതല്‍ നവംബര്‍ 1 വരെ 50 ലക്ഷം രൂപയോളം നല്‍കിയിട്ടുണ്ട്.
ഒരു തരത്തിലുള്ള സേവനവും നല്കാതെയുള്ള പണമിടപാട് ദുരൂഹമാണ്. വീണയുടെയും പിതാവ് പിണറായി വിജയന്റെയും വ്യക്തിപരവും രാഷ്ട്രീയവുമായ സ്വാധീനത്തിന്റെ ഭാഗമായാണ് ഇത്രയും പണം നല്‍കിയിരിക്കുന്നതെന്ന് എഫ്ഐആറില്‍ വ്യക്തമാക്കുന്നു.
വീണയും എക്സാലോജിക്കും വഴി പിണറായി വിജയന് അനധികൃത സാമ്പത്തികനേട്ടമുണ്ടാക്കി. 2016 ഓഗസ്റ്റ് മുതല്‍ 2020 ജൂണ്‍ വരെ നല്കിയ 3.28 കോടി രൂപ പിണറായി വിജയനു മകള്‍ വഴി അനധികൃതമായി നല്കിയതാണെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതായും എഫ്ഐആറില്‍ പറയുന്നു.
പിഎംഎല്‍എ നിയമം 66(2) വകുപ്പു പ്രകാരം ഇ.ഡി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

