നയാര എനർജിയുടെ ചുവടുപിടിച്ച് പെട്രോൾ, ഡീസൽ വിലകളിൽ വർധനവ് വരുത്തി മറ്റൊരു സ്വകാര്യ എണ്ണക്കമ്പനിയായ ജിയോ ബിപിയും രംഗത്ത്. പെട്രോളിന് ലീറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് ഒറ്റയടിക്ക് കൂട്ടിയിരിക്കുന്നത്.
ഈ വർധനവോടെ കൊച്ചിയിലെ വിപണിയിൽ പെട്രോൾ വില 118.69 രൂപയായും ഡീസൽ വില 105.59 രൂപയായും ഉയർന്നു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് സ്വകാര്യ ഇന്ധന കമ്പനികളെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.
അതേസമയം, പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഇന്ധനവിലയിൽ നിലവിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. നിലവിൽ പൊതുമേഖലാ നിരക്കുപ്രകാരം കൊച്ചിയിൽ പെട്രോളിന് 113.63 രൂപയും ഡീസലിന് 102.54 രൂപയുമാണ് വില.
രാജ്യത്തെ പ്രമുഖ സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനർജി കഴിഞ്ഞ ആഴ്ച സമാനമായ രീതിയിൽ വില വർധിപ്പിച്ചിരുന്നു. പെട്രോളിന് ലീറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് അന്ന് നയാര എനർജിയും കൂട്ടിയത്.
അന്ന് കൊച്ചിയിൽ പെട്രോളിന് 118.89 രൂപയും ഡീസലിന് 105.50 രൂപയുമായിരുന്നു നിരക്ക്. കഴിഞ്ഞ മേയ് മാസത്തിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോളിനും ഡീസലിനും എട്ടു രൂപ വീതം വർധിപ്പിച്ചിരുന്നു.
ഇന്ത്യയിലെ ആകെയുള്ള 1.04 ലക്ഷം പെട്രോൾ പമ്പുകളിൽ 90 ശതമാനവും പൊതുമേഖലാ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. അതേസമയം, പൊതുമേഖലാ കമ്പനികൾ പെട്രോൾ ലീറ്ററിന് 8 രൂപയുടെയും ഡീസൽ ലീറ്ററിന് 9 രൂപയുടെയും നഷ്ടം നേരിടുന്നുണ്ടെന്ന് റേറ്റിങ് ഏജൻസിയായ ഇക്ര അടുത്തിടെ പുറത്തുവിട്ട
റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ വിൽപനയിലൂടെ പ്രതിദിനം 530 കോടി രൂപയുടെ നഷ്ടമാണ് പൊതുമേഖലാ കമ്പനികൾക്ക് ഉണ്ടാകുന്നത് എന്നും ഇക്ര ചൂണ്ടിക്കാണിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

