കൊച്ചി നെടുമ്പാശേരിയിൽ മദ്യലഹരിയിൽ അമിതവേഗതയിൽ കാറോടിച്ച് മൂന്ന് പേരുടെ മരണത്തിന് കാരണമായ കേസിലെ പ്രതി സുഹൈൽ സജീവ് (19) റിമാൻഡിൽ. ജാമ്യമില്ലാ വകുപ്പായ കുറ്റകരമായ നരഹത്യ ചുമത്തിയാണ് നെടുമ്പാശേരി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയുണ്ടായ ദാരുണമായ അപകടത്തിൽ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടത്. ഈ അപകടത്തിൻ്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
എറണാകുളത്ത് ഏവിയേഷൻ പഠനം പൂർത്തിയാക്കി പുതിയ ജീവിതം സ്വപ്നം കണ്ട് ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് ദേവികയും ഗോപികയും ഇയാസും തൃക്കാക്കരയിലെ കരകൗശല വ്യാപാര സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്തുവന്നിരുന്നത്. സുഹൃത്തുക്കൾക്കൊപ്പം വൈകിട്ട് പുറത്തിറങ്ങിയ ഇവർ നെടുമ്പാശേരിയിൽ നിന്ന് രാത്രി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
കാറിടിച്ച് മൂന്നുപേർ ദാരുണമായി കൊല്ലപ്പെട്ടിട്ടും ലഹരിയുടെ ആധിക്യത്തിലായിരുന്ന സുഹൈൽ സജീവ് വാഹനം വിട്ടുപുറത്തിറങ്ങാൻ തയ്യാറായില്ല. വാതിലിൻ്റെ സെൻസർ തകരാറിലാകുമെന്നാണ് കാർ തുറക്കാൻ ശ്രമിച്ച നാട്ടുകാരോട് ഇയാൾ തർക്കിച്ചത്.
ഒടുവിൽ നാട്ടുകാർ ചേർന്ന് ബലമായി പുറത്തേക്ക് വലിച്ചിറക്കിയപ്പോഴും “എല്ലാം ബാപ്പ നോക്കിക്കോളും” എന്നായിരുന്നു പ്രതിയുടെ ആക്രോശം. തുടർന്ന് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ബിയർ മാത്രമാണ് കഴിച്ചതെന്നായിരുന്നു പ്രതിയുടെ ആദ്യ മൊഴിയെങ്കിലും പ്രാഥമിക വൈദ്യ പരിശോധനയിൽ തന്നെ മദ്യം സേവിച്ചിരുന്നതായി വ്യക്തമായി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ശനിയാഴ്ച ഉച്ചമുതൽ മൂന്ന് ബാറുകളിൽ കയറി മദ്യം കഴിച്ചതായി സുഹൈൽ സമ്മതിച്ചിട്ടുണ്ട്.
മദ്യപിക്കുന്നതിൻ്റെ ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഈ വിവരങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
മദ്യത്തിന് പുറമേ രാസലഹരിയും പ്രതി ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം. വാഹനത്തിൽ ഇതുമായി ബന്ധപ്പെട്ട
തെളിവുകൾ ഉണ്ടായിരുന്നതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. രക്തത്തിന്റെയും മൂത്രത്തിന്റെയും പരിശോധനാ ഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുകയുള്ളൂ.
പത്തൊൻപതാം വയസ്സിൽ മിനി കൂപ്പർ കാർ സ്വന്തമാക്കിയ പ്രതി സ്ഥിരമായി അമിത വേഗതയിലും അപകടകരമായ രീതിയിലുമാണ് വാഹനം ഓടിച്ചിരുന്നത്. 215 കിലോമീറ്റർ വേഗതയിൽ മിനി കൂപ്പർ ഓടിക്കുന്ന ദൃശ്യങ്ങൾ സുഹൈൽ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ആലപ്പുഴ ആലിശ്ശേരി സ്വദേശി സജീവ് ജമാലിന്റെയും ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ ഇഹ ഡിസൈൻസിന്റെ ഉടമ നൂഹ സജീവിന്റേയും മകനാണ് ബികോം വിദ്യാർത്ഥിയായ സുഹൈൽ സജീവ്. ഇയാൾക്ക് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിലും അപകടത്തിന് കാരണമായ മിനി കൂപ്പർ കാർ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

