പശ്ചിമേഷ്യയിൽ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാകുന്നതിനിടയിൽ ഒമാൻ തീരത്ത് കപ്പലിന് നേരെ ഡ്രോൺ ആക്രമണം. നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോൾഫിൻ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. ഞായറാഴ്ച സോഹാർ ആങ്കറേജിൽ വെച്ചാണ് സംഭവം നടന്നത്.
11 ഇന്ത്യൻ ജീവനക്കാരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ ഒൻപത് പേരെ വിജയകരമായി രക്ഷപ്പെടുത്തി സുരക്ഷിതരാക്കിയതായി കേന്ദ്ര തുറമുഖ ഷിപ്പിങ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ എക്സിലൂടെ അറിയിച്ചു.
കാണാതായ രണ്ട് ഇന്ത്യൻ പൗരന്മാരെ കണ്ടെത്താൻ പ്രാദേശിക കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ഊർജിത തെരച്ചിലും രക്ഷാപ്രവർത്തനവുമാണ് പുരോഗമിക്കുന്നത്. രക്ഷാപ്രവർത്തനങ്ങളെ പൂർണമായി പിന്തുണയ്ക്കുന്നതിനും ആവശ്യമായ എല്ലാ നടപടികൾക്കും ബന്ധപ്പെട്ട
അധികാരികളുമായി നിരന്തരം ഏകോപനം നടത്തിവരികയാണെന്ന് മന്ത്രി വ്യക്തമാക്കി. സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസിയും അറിയിച്ചു.
അതിനിടെ, സൗദി അറേബ്യയിലെ റിയാദിലുള്ള കിങ് ഖാലിദ് വിമാനത്താവളത്തിലേക്ക് ശനിയാഴ്ച നടന്ന ഹൂതി ആക്രമണത്തിൽ ഇന്ത്യക്കാരന് ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവത്തിൽ 11 ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും മൊത്തം മരണം 13 ആയി ഉയരുകയും ചെയ്തു.
കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെയുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. സാധാരണക്കാർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ തികച്ചും അസ്വീകാര്യമാണെന്നും ഇവ ഉടൻ അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
സൗദി അറേബ്യയിലെ ജനങ്ങൾക്കും സർക്കാരിനും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതോടൊപ്പം മേഖലയിൽ എത്രയും പെട്ടെന്ന് സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

