തിരുവനന്തപുരം പയറുംമൂട് ബൈപ്പാസിന് സമീപത്തുനിന്ന് കഴിഞ്ഞ മാസം അമ്പതോളം ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കേസിലെ മുഖ്യ കണ്ണിയായ ജിബിൻ പി ചാക്കോയെ (35) പൊലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം ഓണംതുരുത്ത് വാസ്കോ ജംഗ്ഷന് സമീപം പാറ്റിയാൽ വീട്ടിൽ താമസിക്കുന്നയാളാണ് പിടിയിലായത്. തലസ്ഥാന നഗരിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാൻ അന്വേഷണ സംഘം എത്തിയപ്പോൾ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
പൊലീസിനെ കണ്ട ഇയാൾ വീടിന്റെ ടെറസിൽ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
ഈ വീഴ്ചയിൽ രണ്ട് കാലുകൾക്കും ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ പ്രതി പൊലീസിന്റെ കർശന നിരീക്ഷണത്തിൽ ചികിത്സയിലാണ്.
കോട്ടയം ജില്ലയിൽ മാത്രം ഇയാൾക്കെതിരെ പതിനാലോളം കേസുകൾ നിലവിലുണ്ടെന്നും എന്നാൽ പിടികൂടുന്നത് ഇതാദ്യമായാണെന്നും പൊലീസ് വ്യക്തമാക്കി. മുൻപ് അറസ്റ്റിലായ പ്രതികൾക്ക് ലഹരിവസ്തുക്കൾ എത്തിച്ചുനൽകിയിരുന്ന പ്രധാന കണ്ണിയാണ് ജിബിൻ എന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസം ഇരുപത്തിയൊൻപതിന് കോവളം കാറോഡ് ബൈപ്പാസിന്റെ വിഴിഞ്ഞം പയറുംമൂട് ഭാഗത്തുെവച്ചാണ് സിറ്റി ഡാൻസാഫ് സംഘം ലഹരിവേട്ട നടത്തിയത്.
ആനയറ സ്വദേശി വിജയകുമാർ, സ്കൂട്ടറിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംഎയുമായി പൂന്തുറ മാണിക്യം വിളാകം സ്വദേശി മുജീബ് റഹ്മാൻ (32), വിഴിഞ്ഞം ടൗൺഷിപ്പ് കോളനി സ്വദേശി സഹദ് (27) എന്നിവരെ പിടികൂടി വിഴിഞ്ഞം പൊലീസിന് കൈമാറിയിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഒളിവിലായിരുന്ന ജിബിന്റെ പങ്കാളിത്തവും ഇയാളിലേക്കുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

