വിമാനത്തിനുള്ളിൽ അതിക്രമിച്ചുകയറി സ്ഥാപകൻ അഭിജിത് ദീപ്കെ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ എയർ ഇന്ത്യ കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിമാനത്തിനകത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പ്രവേശിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബ്യുറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിക്കാണ് എയർലൈൻ ഔദ്യോഗികമായി കത്തു നൽകിയിരിക്കുന്നത്.
ആരാണ് ഇതിന് അനുമതി നൽകിയതെന്നും ഏതുതരം നടപടിക്രമങ്ങളാണ് പാലിച്ചതെന്നും ഈ വിഷയത്തിൽ എയർലൈനുമായി മുൻകൂട്ടി എന്തെങ്കിലും ഏകോപനം നടന്നിരുന്നോ എന്നും കത്തിൽ വിശദീകരണം തേടിയിട്ടുണ്ട്. എയർക്രാഫ്റ്റ് (സെക്യൂരിറ്റി) റൂൾസ് 2023 പ്രകാരം വിമാനങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനുള്ള പൂർണ്ണ അധികാരം അതത് എയർലൈനുകൾക്കാണ്.
കഴിഞ്ഞദിവസം രാവിലെ 10.15 ഓടെയാണ് അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നീ സിജെപി പ്രവർത്തകരെ പൊലീസ് നാടകീയമായി വിമാനത്തിനുള്ളിൽ കയറി കസ്റ്റഡിയിൽ എടുത്തത്. ഡൽഹിയിലെ പ്രതിഷേധ പരിപാടിക്ക് അനുമതി നിഷേധിച്ചുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഈ നടപടി.
മുംബൈയിൽനിന്നുള്ള എഐ 2428 വിമാനം രാവിലെ 10.15ന് ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വനിതാ പൊലീസും സിഐഎസ്എഫ് ഉദ്യോഗസ്ഥരും ചേർന്ന് വിമാനത്തിനുള്ളിൽ പ്രവേശിച്ച് ഇവരെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജൂൺ ആറിന് ഡൽഹിയിലെത്തിയ ദിപ്കെയെ ജന്തർ മന്തറിലേക്ക് പോകാൻ അനുവദിച്ചതിലുണ്ടായ അതൃപ്തിയാണ് പൊലീസിന്റെ ഇപ്പോഴത്തെ നീക്കത്തിന് കാരണമെന്നാണ് വിവരം.
യാത്രക്കാരുടെ വിവരങ്ങൾ മുൻകൂട്ടി പരിശോധിച്ച സിഐഎസ്എഫ്, വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് അതിന്റെ പാർക്കിങ് ബേ മാറ്റുകയുണ്ടായി. പ്രവർത്തകരെ എളുപ്പത്തിൽ കസ്റ്റഡിയിലെടുക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ നടപടി.
യാത്രക്കാർ ആരും പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ വിമാനത്തിനുള്ളിൽ പ്രവേശിച്ച പൊലീസ് സംഘം മൂവരെയും ടർമാക് ഏരിയയിൽ തയ്യാറാക്കി നിർത്തിയ വാഹനത്തിലേക്ക് മാറ്റി പുറത്തെത്തിക്കുകയായിരുന്നു. തങ്ങളെ കുറ്റവാളികളെപ്പോലെയാണ് പിടികൂടി കൊണ്ടുപോകുന്നതെന്നും സമാധാനപരമായ രീതിയിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് തങ്ങൾ എത്തിയതെന്നും വ്യക്തമാക്കുന്ന വീഡിയോ കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുമ്പ് ദിപ്കെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

