കൊല്ലം ജില്ലയിലെ പോരുവഴി ചാത്താകുളത്ത് പാർക്കിൻസൺസ് രോഗിയായ ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്താകുളം ജിജി ഭവനിൽ **ജോസ് ഡാനിയേൽ** (64) കൊല്ലപ്പെട്ട
കേസിലാണ് ഭാര്യ **മറിയാമ്മ ജോസ്** (59) ചെന്നൈയിൽ വെച്ച് പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, കഴിഞ്ഞ **20-ാം തീയതി** രാവിലെയാണ് ജോസ് ഡാനിയേലിനെ മരിച്ച നിലയിൽ മറിയാമ്മ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്.
ഭർത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് ഇവർ ആശുപത്രി അധികൃതരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാൽ, മൃതദേഹ പരിശോധനയ്ക്കിടെ കഴുത്തിലെ പാടുകളും ശരീരത്തിലെ മുറിവുകളും കണ്ട
ഡോക്ടർക്ക് അസ്വാഭാവികത അനുഭവപ്പെടുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടം പരിശോധനയിലും ഫൊറൻസിക് റിപ്പോർട്ടിലും ഇത് കൊലപാതകമാണെന്ന് തെളിഞ്ഞു.
സംഭവസമയം വീട്ടിൽ ജോസും മറിയാമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. പ്ലാസ്റ്റിക് ചരട് ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം, ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ പ്രതി ശ്രമിക്കുകയായിരുന്നു.
സംസ്കാര ചടങ്ങുകൾക്ക് ശേഷം പൊലീസ് നടപടികൾ ഭയന്നാണ് മറിയാമ്മ ചെന്നൈയിലേക്ക് കടന്നത്. തിരുവള്ളൂർ ഗുമ്മിടിപൂണ്ടിയിലെ വ്യവസായ മേഖലയിൽ മകന്റെ സുഹൃത്തിന്റെ സ്ഥാപനത്തിൽ ഒളിവിൽ കഴിയവെ ഫോൺ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.
അടൂർ തുവയൂർ ആനമുക്ക് സ്വദേശിയായ ജോസ് ഡാനിയേൽ കഴിഞ്ഞ രണ്ട് വർഷമായി പാർക്കിൻസൺസ് രോഗബാധിതനായിരുന്നു. പരിചരണവുമായി ബന്ധപ്പെട്ട് ഇവർ തമ്മിലുണ്ടായിരുന്ന മാനസിക സമ്മർദ്ദങ്ങളും തർക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ശാസ്താംകോട്ട
സിഐ **എസ്.മഹേഷ്കുമാർ** വ്യക്തമാക്കി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മകൻ ജിജിയും മരുമകൾ പ്രീതിയും തിരുവനന്തപുരത്താണ് താമസം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

