ശാസ്താംകോട്ടയിൽ പാർക്കിൻസൺസ് രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ഭർത്താവിനെ കഴുത്തിൽ ചരട് മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. പോരുവഴി ചാത്താകുളം ജിജി ഭവനിൽ ജോസ് ഡാനിയേൽ (അലക്സ്– 64) കൊല്ലപ്പെട്ട
സംഭവത്തിൽ ഭാര്യ മറിയാമ്മ ജോസിനെ (59) ആണ് ചെന്നൈയിൽ നിന്നും പൊലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെയാണ്: കഴിഞ്ഞ 20-ാം തീയതി രാവിലെയാണ് ജോസിനെ മരിച്ച നിലയിൽ മറിയാമ്മ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
ജോസ് ആത്മഹത്യ ചെയ്തതാണെന്നാണ് ആശുപത്രി അധികൃതരോടും ബന്ധുക്കളോടും ഇവർ പറഞ്ഞിരുന്നത്. എന്നാൽ, മൃതദേഹത്തിന്റെ കഴുത്തിലുണ്ടായിരുന്ന പാടുകളിലും ശരീരത്തിലെ മറ്റ് ചെറിയ മുറിവുകളിലും ഡോക്ടർക്ക് അസ്വാഭാവികത തോന്നി.
തുടർന്ന് വിവരം ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇടവക പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയുടെയും ഫൊറൻസിക് പരിശോധനയുടെയും അന്തിമ ഫലങ്ങൾ പുറത്തുവന്നതോടെയാണ് ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. സംഭവദിവസം വീടിനുള്ളിൽ ജോസും മറിയാമ്മയും മാത്രമാണ് ഉണ്ടായിരുന്നത്.
കഴുത്തിൽ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപാതകം നടപ്പിലാക്കിയ ശേഷം, ജോസ് ജീവനൊടുക്കിയതാണെന്ന് മറിയാമ്മ ബന്ധുക്കളെ ഫോണിൽ വിളിച്ച് വരുത്തുകയായിരുന്നു. സംസ്കാര ചടങ്ങുകൾക്ക് ശേഷം പൊലീസ് നടപടികളെ ഭയന്നാണ് മറിയാമ്മ ചെന്നൈയിലേക്ക് കടന്നത്.
തിരുവള്ളൂർ ഗുമ്മിടിപൂണ്ടിയിലെ വ്യവസായ മേഖലയിൽ മകന്റെ സുഹൃത്തിന്റെ സ്ഥാപനത്തിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. പ്രതിയുടെ ഫോൺ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ സ്ഥലത്തെത്തിയ പൊലീസ് സംഘം മറിയാമ്മയെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കുകയായിരുന്നു.
കൊല്ലപ്പെട്ട ജോസിന്റെയും മറിയാമ്മയുടെയും മകൻ ജിജിയും മരുമകൾ പ്രീതിയും തിരുവനന്തപുരത്താണ് താമസിക്കുന്നത്.
ഈ കുടുംബം മുൻകാലങ്ങളിൽ ചെന്നൈയിൽ താമസിച്ചിരുന്നു. അടൂർ തുവയൂർ ആനമുക്ക് സ്വദേശിയായ ജോസ് കഴിഞ്ഞ രണ്ട് വർഷമായി കടുത്ത പാർക്കിൻസൺസ് രോഗബാധിതനായിരുന്നു.
ദീർഘകാലമായി ഭർത്താവിനെ പരിചരിക്കുന്നതിൽ മറിയാമ്മ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളും ഇവർ തമ്മിലുണ്ടായ പ്രശ്നങ്ങളുമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ശാസ്താംകോട്ട സിഐ എസ്.മഹേഷ്കുമാർ വ്യക്തമാക്കി.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

