പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്ക് എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി മൂന്നാർ വില്ലേജിൽ ആവശ്യമായ ഭൂമി ലഭ്യമല്ലെന്ന് റവന്യു വകുപ്പ് വ്യക്തമാക്കി. ഗതാഗത ഉപദേശക സമിതികളുടെ നിർദ്ദേശപ്രകാരം പാർക്കിങ് സൗകര്യം ഒരുക്കുന്നതിന് ഭൂമി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടർ, തഹസിൽദാർ എന്നിവർക്ക് അയച്ച കത്തിന് നൽകിയ മറുപടിയിലാണ് ഈ നിർണായക വിവരം അറിയിച്ചിട്ടുള്ളത്.
പഞ്ചായത്ത് പ്രസിഡന്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാർ വില്ലേജ് ഓഫിസർ നടത്തിയ പ്രാദേശിക പരിശോധനയിൽ വില്ലേജ് പരിധിയിൽ മറ്റ് സർക്കാരുടമസ്ഥതയിലുള്ള റവന്യു ഭൂമി ലഭ്യമല്ലെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നിലവിൽ സ്വകാര്യ തേയില കമ്പനിയുടെ കൈവശമുള്ള ഭൂമി പാർക്കിങ് ഗ്രൗണ്ട് നിർമ്മാണത്തിനായി ഏറ്റെടുത്ത് വിട്ടുനൽകുന്ന കാര്യത്തിൽ സർക്കാർ തലത്തിൽ ഉചിതമായ തീരുമാനമെടുക്കേണ്ടതുണ്ടെന്നാണ് ദേവികുളം തഹസിൽദാർ നൽകിയ കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
മലയോര മേഖലയായ മൂന്നാറിൽ വർഷങ്ങളായി അതിരൂക്ഷമായി തുടരുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി ഒരു പൊതു പാർക്കിങ് സംവിധാനം വേണമെന്ന ജനങ്ങളുടെയും യാത്രികരുടെയും പതിറ്റാണ്ടുകളായുള്ള ആവശ്യത്തിനാണ് റവന്യു വകുപ്പിന്റെ ഈ നിലപാടിലൂടെ തിരിച്ചടിയായിരിക്കുന്നത്. നിലവിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ റോഡിന്റെ ഇരുവശങ്ങളിലുമാണ് വാഹനങ്ങൾ ഒതുക്കിയിടുന്നത്.
ഈ പ്രതിസന്ധി മൂലം ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ദിവസേന മണിക്കൂറുകളോളമാണ് അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

