പൂച്ചാക്കൽ ∙ നിർമാണം പൂർത്തിയായ മാക്കേക്കടവ് – നേരേകടവ് പാലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലുള്ള നിർണായക ഭാരപരിശോധന വിജയകരമായി പൂർത്തിയായി. വകുപ്പുതല നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ പരിശോധന സംഘടിപ്പിച്ചത്.
പാലത്തിന്റെ സുരക്ഷയും ബലവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി 39 ടൺ ഭാരമുള്ള നാല് ലോറികൾ വിവിധ സമയങ്ങളിലായി 24 മണിക്കൂർ നേരം പാലത്തിന് മുകളിൽ നിർത്തിയിട്ടു. തുടർന്ന് പാലത്തിന് അടിഭാഗത്തായി 12 ഗേജ് സെറ്റുകൾ സ്ഥാപിച്ച് ഘടനാപരമായ വ്യതിചലനവും ആയാസവുമെല്ലാം കൃത്യമായി നിരീക്ഷിച്ചാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.
നിലവിൽ പാലത്തിൽ സുരക്ഷാ രേഖകൾ വരയ്ക്കുന്ന ജോലികളും ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തികളും വേഗത്തിൽ പുരോഗമിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലുള്ള മുഴുവൻ പ്രവൃത്തികളും ബുധനാഴ്ചയോടെ പൂർണമായും അവസാനിക്കും.
ഇതിനിടയിൽ വഴിവിളക്കുകൾക്ക് ആവശ്യമായ വൈദ്യുതി കണക്ഷൻ നൽകുന്ന ജോലികളും സമാന്തരമായി നടക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങിനായുള്ള പന്തൽ നിർമാണം ഉൾപ്പെടെയുള്ള ഒരു നടപടികൾ ഉടൻ ആരംഭിക്കും.
പാലത്തോട് ചേർന്ന് തന്നെയാണ് വിപുലമായ സമ്മേളന വേദി ഒരുക്കുന്നത്. ചടങ്ങിൽ 2500 പേരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
സുരക്ഷയുടെ ഭാഗമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സന്ദർശനവും ഡോഗ് – ബോംബ് സ്ക്വാഡുകളുടെ നേതൃത്വത്തിലുള്ള പ്രത്യേക പരിശോധനകളും അടുത്ത ആഴ്ച നടക്കും. വരുന്ന 18ന് രാവിലെ 9 മണിക്ക് മുഖ്യമന്ത്രി വി.ഡി സതീശൻ പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
ചടങ്ങിൽ മന്ത്രിമാരായ പി.കെ. ബഷീർ, രമേശ് ചെന്നിത്തല, എം.ലിജു, മോൻസ് ജോസഫ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഉദ്ഘാടനത്തോടനുബന്ധിച്ച് മാക്കേക്കവല – മാക്കേക്കടവ് റോഡരികിൽ ദീപാലങ്കാരങ്ങളും മറ്റ് ഒരുക്കങ്ങളും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

