പുതിയ ബസ് സ്റ്റാൻഡിനു സമീപം ഓടുന്ന സ്വകാര്യ ബസിനു മുന്നിൽ ചാടിയ യുവാവ് മരണത്തിന് കീഴടങ്ങി. കോഴിക്കോട് പുതിയറ തിരുത്തിയാട് തെക്കേപാലാട്ട് വിഷ്ണുകൃപ ഹൗസിൽ നിത്യാനന്ദന്റെ മകൻ ടി.പി.അജയ് (41) ആണ് ഗുരുതര പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി പത്തു മണിയോടെ ജീവൻ വെടിഞ്ഞത്.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
കോഴിക്കോട് സിവിൽ സ്റ്റേഷനിൽ കൃഷി വകുപ്പിലെ ജീവനക്കാരനായിരുന്നു അജയ്. വ്യാഴാഴ്ച രാവിലെ 10.20-നാണ് കോഴിക്കോട് മാവൂർ റോഡിൽ മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകുകയായിരുന്ന ബസിന്റെ അടിയിലേക്ക് അദ്ദേഹം ചാടിയത്.
ബസ് ഉടൻ തന്നെ നിർത്താൻ കഴിഞ്ഞെങ്കിലും ടയർ കയറി ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. ബാഗുമായി റോഡിനു സമീപത്തെ നടപ്പാതയിൽ നിന്ന യുവാവ്, ബസ് അടുത്തെത്തിയപ്പോൾ ബാഗ് നടപ്പാതയിൽ വച്ചശേഷം ഓടിവന്ന് ബസിനു മുന്നിലേക്ക് ചാടുന്ന ദൃശ്യങ്ങൾ ബസിലെ ഡാഷ് ബോർഡ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
സംഭവത്തിൽ നടക്കാവ് പൊലീസ് ഔദ്യോഗികമായി കേസെടുത്തിട്ടുണ്ട്.

