കൊട്ടാരക്കരയിലെ പെരുംകുളം ഗവ. ഡബ്ല്യുഎൽപി സ്കൂളിൽ ക്ലാസ് മുറിക്കുള്ളിൽ അഞ്ചടിയോളം നീളമുള്ള കാട്ടുപാമ്പിനെ കണ്ടെത്തി.
ഇന്നലെ രാവിലെ ഒൻപതോടെയാണ് സംഭവം. സ്കൂളിൽ ആദ്യം എത്തിയ വിദ്യാർഥി അമ്മയോടൊപ്പം ക്ലാസ് മുറി തുറന്നപ്പോഴാണ് വൈറ്റ് ബോർഡിൽ പാമ്പ് ഇഴയുന്നത് കണ്ടത്.
ഉടൻ തന്നെ അധ്യാപകരെയും സമീപത്തുളളവരെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശ്രമത്തിനൊടുവിൽ രാവിലെ 11 മണിയോടെ അഞ്ചാലുംമൂട് സ്വദേശി പ്രേം എത്തി പാമ്പിനെ പിടികൂടി.
ശംഖുവരയന്റെ രൂപ സാദൃശ്യമുള്ള കാട്ടുപാമ്പാണ് പിടിയിലായത്. വിഷമില്ലാത്ത പാമ്പാണെങ്കിലും കടിച്ച് പരുക്കേൽപ്പിക്കുന്ന ഇനമാണെന്ന് (മന്ദാരിൽ ട്രിങ്കറ്റ് സ്നേക്) പ്രേം അറിയിച്ചു.
ഈയിടെ പല തവണ സ്കൂൾ പരിസരത്ത് പാമ്പിനെ അധ്യാപകർ കണ്ടിരുന്നുവെങ്കിലും ക്ലാസ് മുറിയിൽ ആദ്യമായാണ് എത്തുന്നത്. എലിയെ പിടികൂടാനാണ് പാമ്പ് എത്തിയതെന്നാണ് കരുതുന്നത്.
ക്ലാസ് മുറിയിൽ ചത്ത എലിക്കുഞ്ഞിനെയും കണ്ടെത്തിയിട്ടുണ്ട്. പ്രീ പ്രൈമറിയും ഒന്നു മുതൽ നാല് വരെ ക്ലാസുകളും ആണ് ഈ സ്കൂളിൽ ഉള്ളത്.
ഇവിടെ ആകെ 26 കുട്ടികളാണ് പഠിക്കുന്നത്. രാവിലെ പത്ത് മണിയോടെയാണ് സ്കൂളിൽ അധ്യയനം ആരംഭിക്കുന്നതെങ്കിലും കുട്ടികൾ 9 മണിയോടെ എത്തിത്തുടങ്ങും.
ചുമതലയുള്ള അധ്യാപികയും ഇതേ സമയം സ്കൂളിൽ ഉണ്ടാകാറുണ്ട്. അധ്യാപകർ പരിശോധിച്ച ശേഷമേ കുട്ടികളെ ക്ലാസ് മുറികളിൽ പ്രവേശിപ്പിക്കുകയുള്ളുവെന്ന് ഹെഡ്മിസ്ട്രസ് ലീജ ബീഗം വ്യക്തമാക്കി.
സ്കൂൾ പരിസരത്തെ സ്വകാര്യ പുരയിടങ്ങളും വാട്ടർ അതോറിറ്റിയുടെ സ്ഥലങ്ങളും കാട് കയറിയ നിലയിലാണ്. ഇവിടം ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ്.
എന്നാൽ സ്കൂൾ പരിസരം പിടിഎ ചെലവിൽ പല തവണ ശുചീകരിച്ചിട്ടുണ്ടെന്ന് ഗ്രാമപ്പഞ്ചായത്തംഗം മോഹൻലാൽ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

