പെരുമ്പാവൂർ നഗരസഭയിലെ 24–ാം വാർഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ വഴി ദുർഗന്ധം വമിക്കുന്ന മലിനജലം ലഭിക്കുന്നതായി വ്യാപക പരാതി ഉയർന്നിട്ടുണ്ട്. നഗരത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ സ്ഥിതി ചെയ്യുന്ന നിരവധി വീടുകളും ഹോട്ടലുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും കുടിവെള്ളത്തിനായി പൂർണ്ണമായും ഈ പൈപ്പ് ലൈനെയാണ് ആശ്രയിക്കുന്നത്.
പൈപ്പുകളിലൂടെ മലിനജലം വരാൻ തുടങ്ങിയതോടെ, സ്വന്തമായി കിണർ സൗകര്യമില്ലാത്ത പ്രദേശവാസികൾ വീടൊഴിഞ്ഞു പോകേണ്ട ദുരിതാവസ്ഥയിലാണ്.
നഗരത്തിലെ മലിനജലം ഒഴുകുന്ന പ്രധാന ഓടകൾക്ക് അടിയിലൂടെയാണ് കുടിവെള്ള പൈപ്പുകളും കടന്നുപോകുന്നത്. വർഷങ്ങളുടെ പഴക്കം ചെന്ന ഈ പൈപ്പുകൾ പലയിടത്തും ദ്രവിച്ചോ തകർന്നോ കിടക്കുന്നതാണ് മലിനജലം കുടിവെള്ളത്തിലേക്ക് കലരാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പൈപ്പ് ലൈൻ എവിടെയാണ് തകരാറിലായിരിക്കുന്നതെന്ന് കണ്ടെത്തി അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തിയാൽ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കൂ. എന്നാൽ വിഷയത്തിൽ നഗരസഭയുടെയും വാട്ടർ അതോറിറ്റിയുടെയും ഭാഗത്തുനിന്നും യാതൊരുവിധ നടപടികളും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇതിനെതിരെ സിപിഎം ഏരിയ കമ്മിറ്റി അംഗം വി.പി.ഖാദർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.സി.ബാബു, സിഐടിയു ഏരിയ ട്രഷറർ കെ.ഇ.നൗഷാദ്, കൗൺസിലർ വി.പി.ബാബു, ഗിരി ബേബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വാട്ടർ അതോറിറ്റിക്കും നഗരസഭാധ്യക്ഷയ്ക്കും ഔദ്യോഗികമായി നിവേദനം സമർപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

