കോഴിക്കോട് ജില്ലയിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിനായി ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ ഇൻഫർമേഷൻ – പബ്ലിക് റിലേഷൻ വകുപ്പിന്റെ (പിആർഡി) വാഹനം പ്രവർത്തനരഹിതമായി കിടക്കുന്നു. ‘പുതുലഹരിയിലേക്ക്’ എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഈ മിനി ബസ് ഉപയോഗിച്ചിരുന്നത്.
വിദ്യാലയങ്ങളിലും വിവിധ റസിഡന്റ്സ് അസോസിയേഷൻ പരിധികളിലും ലഹരി വിരുദ്ധ സന്ദേശങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പദ്ധതി നടപ്പിലാക്കിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് 36 ലക്ഷം രൂപ മുടക്കി ഈ വാഹനം വാങ്ങിയതും കോഴിക്കോട് റീജനൽ പിആർഡി ഓഫിസിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ചതും.
തുടർന്ന് ജില്ലയിലെ വിവിധ ഔദ്യോഗിക പരിപാടികൾക്കായി ഈ വാഹനം ഉപയോഗപ്പെടുത്തിയിരുന്നു. 2019 ലെ തിരഞ്ഞെടുപ്പ് സമയത്ത് ‘വോട്ടുവണ്ടി’ എന്ന പേരിലും ഈ വാഹനം പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഓടിയിരുന്നു.
പിന്നീട് ലഹരി വിരുദ്ധ ക്യാംപെയ്നുകൾക്കായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് വാഹനത്തിൽ ഡിജിറ്റൽ പ്രൊജക്ടറും എൽസിഡി സ്ക്രീനും ഘടിപ്പിക്കുകയും, ഇതിന്റെ ഭാഗമായി ജില്ലയിലെ സ്കൂളുകൾ തോറും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സ്ഥിരമായി ഡ്രൈവർ ഇല്ലാതിരുന്നതിനാൽ ദിവസക്കൂലി അടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിച്ചാണ് വാഹനം സർവീസ് നടത്തിയിരുന്നത്.
പിന്നീട് വാഹനം കലക്ടറേറ്റ് കോംപൗണ്ടിൽ കട്ടപ്പുറത്താകുകയായിരുന്നു. ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാൽ 2029 വരെ വാഹനം നിരത്തിലിറക്കാൻ അനുമതിയുണ്ടെന്നാണ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
എന്നാൽ 2024 മാർച്ചിനു ശേഷം ഈ വാഹനത്തിന് ഇൻഷുറൻസ് പുതുക്കി നൽകിയിട്ടില്ലെന്നാണ് കണ്ടെത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

