കൊല്ലം ജില്ലയിലെ പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ തെരുവിൽ ഇറങ്ങി.
കാട്ടാനയെ പിടികൂടി മാറ്റണമെന്നും പ്രതിരോധ വേലി നിർമ്മാണം എന്ന് തുടങ്ങുമെന്ന് അധികൃതർ ഉറപ്പു നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. സംഭവത്തെ തുടർന്ന് ജ്യോതികുമാർ ചാമക്കാല എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ മരിച്ച രാജമ്മയുടെ കുടുംബത്തിന് ഇന്ന് 5 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും ബാക്കി 9 ലക്ഷം രൂപ ഉടൻ നൽകാനും ധാരണയായിട്ടുണ്ട്.
കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്ന ആവശ്യം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എംഎൽഎ അറിയിച്ചു. എന്നാൽ, കാട്ടാനയെ പിടികൂടുന്നതിനുള്ള വ്യക്തമായ നടപടികൾ സ്വീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
വനവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായ കടുത്ത വീഴ്ചയാണ് രാജമ്മയുടെ ജീവനെടുത്തതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. നേരത്തെ തന്നെ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
വൈകിട്ട് ആറു മണിക്ക് ശേഷം പുറത്തിറങ്ങാൻ പോലും കഴിയാത്ത ഭയപ്പാടിലാണ് പ്രദേശവാസികൾ. അതേസമയം, കാട്ടാന ആക്രമണം തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും എന്നാൽ കരാർ എടുത്തവർ കൃത്യമായി പണി ചെയ്തില്ലെന്നുമായിരുന്നു വനംമന്ത്രി ഷിബുബേബി ജോൺ പ്രതികരിച്ചത്.
രാവിലെ 9 മണിയോടെയായിരുന്നു നാടിനെ നടുക്കിയ കാട്ടാന ആക്രമണം ഉണ്ടായത്. കടശ്ശേരി സ്വദേശിനിയായ 80കാരി രാജമ്മ തൊഴിലുറപ്പ് ജോലിക്കായി പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
തൊഴിലുറപ്പിൻ്റെ ഭാഗമായുള്ള ഫോട്ടോ എടുത്ത ശേഷം ജോലി സ്ഥലത്തേക്ക് നടന്നുപോവുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്ക് കാട്ടിൽ നിന്നും കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ചിതറിയോടിയെങ്കിലും രാജമ്മയ്ക്ക് രക്ഷപ്പെടാൻ സാധിച്ചില്ല.
ഗുരുതരമായി പരിക്കേറ്റ വയോധികയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

