കാക്കനാട് ∙ വഴിവിളക്കുകൾ രാത്രി തെളിയാനും പകൽ അണയാനുമുള്ള സ്വയം സംവിധാനം തകിടം മറിഞ്ഞതിനാൽ തൃക്കാക്കര മേഖലയിൽ ചിലയിടങ്ങളിൽ പകലും വഴിവിളക്കുകൾ കത്തിനിൽക്കുന്നു. തൃക്കാക്കര നഗരസഭയും കെഎസ്ഇബിയും ചേർന്നു വൻ തുക മുടക്കി വഴിവിളക്കുകളോടനുബന്ധിച്ചു സ്ഥാപിച്ച ടൈമറുകളുടെ പ്രവർത്തനമാണ് താളം തെറ്റുന്നത്.
ഇതുമൂലമാണ് പ്രധാന റോഡുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പകലും വഴിവിളക്കുകൾ തെളിഞ്ഞുനിൽക്കുന്നത്. ഇരുട്ടായാൽ തെളിയുകയും സൂര്യോദയത്തോടെ അണയുകയും ചെയ്യും വിധമാണ് വഴിവിളക്കുകളിലെ ക്രമീകരണം.
നൂറുകണക്കിന് ഓട്ടമാറ്റിക് ടൈമറുകളാണ് വഴിവിളക്കുകളോടനുബന്ധിച്ചു സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ ചിലതാണ് തലതിരിഞ്ഞ സമീപനം പുലർത്തുന്നത്.
ചില ടൈമറുകൾ ദിവസങ്ങൾ മാത്രമേ നേരെചൊവ്വേ പ്രവർത്തിച്ചിട്ടുളളൂവെന്നാണ് പറയപ്പെടുന്നത്. ഇരുട്ടുപരക്കുന്നതോടെ തെളിയണമെന്ന ടൈമറിലെ വ്യവസ്ഥ ചിലയിടങ്ങളിൽ നടപ്പാകുന്നില്ല.
രാത്രി വൈകിയാണ് വഴിവിളക്ക് തെളിയുന്നത്. പകൽ വെളിച്ചം പരക്കുന്നതോടെ അണയുമെന്നാണ് പറയുന്നതെങ്കിലും ചിലയിടങ്ങളിൽ വഴിവിളക്കുകൾ അണയുന്നത് നട്ടുച്ചയ്ക്കാണ്.
രാത്രിയും പകലും സ്ഥിരമായി കത്തിക്കിടക്കുന്ന വഴിവിളക്കുകളുമുണ്ട്. പകൽ തെളിഞ്ഞുനിൽക്കുന്ന വഴിവിളക്കുകൾ അണയ്ക്കണമെങ്കിൽ നാട്ടുകാരോ കൗൺസിലർമാരോ നേരിട്ടെത്തി ഓഫ് ചെയ്യേണ്ട
അവസ്ഥയാണുള്ളത്. നിലവാരം കുറഞ്ഞ ടൈമറുകൾ സ്ഥാപിച്ചതാണ് പ്രശ്നമായതെന്നാണ് ആക്ഷേപം.
നഗരസഭാ പരിധിയിൽ മൂവായിരത്തോളം വഴിവിളക്കുകളാണുള്ളത്. പകുതിയോളം വഴിവിളക്കുകൾ ടൈമറുകളുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.
കരാറുകാരാണ് കെഎസ്ഇബിക്കു വേണ്ടി ടൈമറുകൾ സ്ഥാപിച്ചത്. തുടക്കവേളയിൽ അറ്റകുറ്റപ്പണിക്കു പുലർത്തിയ കാര്യക്ഷമത ഇപ്പോൾ ഇല്ലെന്നാണ് പരാതി ഉയരുന്നത്.
നഗരസഭയും കെഎസ്ഇബിയും അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഭീമമായ വൈദ്യുതി നഷ്ടമാകും ഇതിലൂടെ ഉണ്ടാകുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

