പാലക്കാട് ജില്ലാ സിപിഎം മുൻ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെ പദവിയിൽ നിന്ന് നീക്കം ചെയ്തതിന് പിന്നിൽ ലൈംഗികാരോപണ പരാതിയെന്ന് റിപ്പോർട്ട്. എന്നാൽ, യുവതി ഇതുവരെ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്നാണ് നിലവിലെ വിവരം.
സംഭവത്തിൽ ഇഎൻ സുരേഷ് ബാബുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് യുവതിക്ക് സംസ്ഥാന നേതൃത്വം ഉറപ്പ് നൽകിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ. പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ നേതൃത്വത്തിന്റെ സജീവ പരിഗണനയിലുണ്ട്.
വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ശക്തമായ ഡിജിറ്റൽ തെളിവുകൾ സഹിതമാണ് യുവതി പാർട്ടി നേതൃത്വത്തിന് പരാതി സമർപ്പിച്ചത്.
പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ചാണ് വിവാദമായ സംഭവം അരങ്ങേറിയത്. പാർട്ടി ഓഫീസിൽ വെച്ചുണ്ടായ സംഭവം പരാതിയുടെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് ഇഎൻ സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. തുടർന്ന് ഇഎൻ സുരേഷ് ബാബുവിനെ മലപ്പുറത്തേക്ക് നേരിട്ട് വിളിച്ചുവരുത്തി യുവതിയുടെ പരാതി വായിച്ചു കേൾപ്പിക്കുകയായിരുന്നു.
ഇതിനുപിന്നാലെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ അദ്ദേഹത്തോട് നേതൃത്വം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ലൈംഗികാരോപണത്തിന്റെ പേരിലാണ് ഒഴിവാക്കിയതെന്ന വിവരം പുറത്തുവരരുതെന്ന് ഇഎൻ സുരേഷ് ബാബു അഭ്യർത്ഥിച്ചതായാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

