പത്തനംതിട്ട ജില്ലയിൽ പകർച്ചവ്യാടികളുടെ വ്യാപനം ആശങ്ക ഉയർത്തുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ജില്ലയിൽ ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 10 ദിവസത്തിനിടയിൽ 25 പേർക്കാണ് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്.
ഇതിനു പുറമെ സമാനമായ രോഗലക്ഷണങ്ങളോടെ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. ഇതേ കാലയളവിൽ 17 പേർക്കു ഡെങ്കിപ്പനിയും 3 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വ്യാപകമായി പടരുന്ന വൈറൽ പനി ഗുരുതരമായ ശ്വാസകോശ അണുബാധയ്ക്കും ന്യുമോണിയയ്ക്കും കാരണമാകുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രായമായവരിലാണ് ഈ രോഗാവസ്ഥകൾ കൂടുതൽ ഗുരുതരമായി കണ്ടുവരുന്നത്.
എച്ച്1എൻ1 ഉൾപ്പെടെയുള്ള ഇൻഫ്ലുവൻസ വിഭാഗത്തിൽപെടുന്ന രോഗങ്ങളാണ് വലിയ ഭീഷണി ഉയർത്തുന്നത്. ശ്വാസകോശ അണുബാധയും നീണ്ടുനിൽക്കുന്ന ചുമയും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
മഴക്കാലം ആരംഭിച്ചതുമുതൽ ജില്ലയിൽ പനിക്കൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും പടർന്നുപിടിച്ചിരുന്നു. തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡ്രൈ ഡേ ആചരണവും ഹോട്സ്പോട്ടുകൾ കേന്ദ്രീകരിച്ചുള്ള നിയന്ത്രണങ്ങളും നടപ്പിലാക്കിയെങ്കിലും രോഗവ്യാപനം പൂർണ്ണമായും നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല.
നിലവിൽ വീണ്ടും മഴയെത്തിയത് രോഗബാധിതരുടെ എണ്ണം വീണ്ടും വർദ്ധിക്കാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ. പ്രതിരോധത്തിനായി സ്വീകരിക്കേണ്ട
മുൻകരുതലുകൾ:
* പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കുക. രോഗലക്ഷണങ്ങൾ ഉള്ളവരുമായി സമ്പർക്കം ഒഴിവാക്കുക.
* സോപ്പും വെള്ളവും ഉപയോഗിച്ചു കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക.
* പനിയോ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളോ ഉള്ളവർ ഉടൻതന്നെ വൈദ്യസഹായം തേടുക.
* ചെറുചൂടുവെള്ളം ധാരാളമായി കുടിക്കാൻ ശ്രദ്ധിക്കുക.
* ലഘുവായതും പോഷകസമൃദ്ധവുമായ ആഹാരം ശീലമാക്കുക.
* രോഗമുക്തിക്കായി മതിയായ ഉറക്കവും പരമാവധി വിശ്രമവും ഉറപ്പുവരുത്തുക.
* രോഗികൾ സ്പർശിക്കുന്ന പ്രതലങ്ങൾ അണുനാശിനി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കുക.
* കൈകൾ കഴുകാതെ വായ, മൂക്ക്, കണ്ണുകൾ എന്നിവിടങ്ങളിൽ തൊടുന്നത് ഒഴിവാക്കുക.
* ലഘുവ്യായാമങ്ങളിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക.
ഇൻഫ്ലുവൻസ വൈറസിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പുകൾ ലഭ്യമാണെങ്കിലും സർക്കാർ ആശുപത്രികളിൽ ഇവ ലഭ്യമല്ലെന്ന ആക്ഷേപമുണ്ട്. സ്വകാര്യ ആശുപത്രികളിൽ ഇതിനായി വലിയ തുക ഈടാക്കുന്നുവെന്ന പരാതിയുമുണ്ട്.
കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർ തുടങ്ങിയ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കെങ്കിലും ഈ പ്രതിരോധ മരുന്ന് സർക്കാർ സൗജന്യമായി ലഭ്യമാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് പൊതുവെയുള്ള ആവശ്യം.
ഇൻഫ്ലുവൻസ വൈറസ് മനുഷ്യന്റെ മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെയാണ് പ്രധാനമായും ബാധിക്കുന്നത്. ഉയർന്ന പനി, കടുത്ത ക്ഷീണം, തൊണ്ടവേദന, ചുമ, ശരീരവേദന, ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ചിലരിൽ പെട്ടെന്നുള്ള നെഞ്ചെരിച്ചിലും തലകറക്കവും അനുഭവപ്പെടാറുണ്ട്. രോഗബാധിതരായ വ്യക്തികളിൽ നിന്നും ശ്വസനം, തുമ്മൽ, ചുമ എന്നിവയിലൂടെ രോഗം വളരെ വേഗത്തിൽ മറ്റുള്ളവരിലേക്ക് പടരാം.
പനി പിടിപെട്ടാൽ 5 മുതൽ 7 ദിവസത്തിനുള്ളിൽ ഭേദമാകാറുണ്ടെങ്കിലും ക്ഷീണവും ചുമയും ദിവസങ്ങളോളം നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്. രോഗപ്രതിരോധശേഷി താരതമ്യേന കുറവായതിനാൽ പ്രായമായവർ കൂടുതൽ കരുതൽ പാലിക്കേണ്ടതുണ്ട്.
രോഗലക്ഷണങ്ങൾ പ്രകടമായി ആരംഭിച്ച് ആദ്യ 48 മണിക്കൂറിനുള്ളിൽ കൃത്യമായ മരുന്നുകൾ കഴിച്ചാൽ വലിയ രീതിയിൽ സങ്കീർണതകൾ ഒഴിവാക്കാൻ സാധിക്കുമെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

