സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ച് വന്യമൃഗങ്ങളുടെ ശല്യം വലിയൊരു ശാപമായി മാറിയിട്ടുണ്ടെന്ന് മന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി. വന്യജീവികളെ സംരക്ഷിക്കണമെന്ന് പറയുമ്പോൾ തന്നെ മറുവശത്ത് സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട രാജമ്മയ്ക്ക് അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലത്ത് കാട്ടാന ആക്രമണം തടയുന്നതിനായി മുൻകൂട്ടി നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും കരാർ എടുത്തവർ കൃത്യസമയത്ത് പണികൾ പൂർത്തിയാക്കിയില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോൾ അത്തരം പണികൾ വീണ്ടും ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഓരോ മനുഷ്യജീവനും നഷ്ടപ്പെടുമ്പോൾ പ്രദേശവാസികൾ ആശങ്കാകുലരാകുന്നുണ്ടെന്നും, നാട്ടുകാരെ വിശ്വാസത്തിലെടുത്തുകൊണ്ട് മാത്രമേ ഇത്തരം കാര്യങ്ങളിൽ മുന്നോട്ടുപോകാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിന്നക്കനാലിലെ നിലവിലെ പ്രശ്നങ്ങൾ തികച്ചും മനുഷ്യനിർമിതമാണെന്നും ആനത്താരകൾ കയ്യേറി സ്റ്റെർലിംഗ്, ക്ലബ് മഹേന്ദ്ര ഉൾപ്പെടെയുള്ള വൻകിട
റിസോർട്ടുകൾ നിർമ്മിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി കളക്ടറുടെ ഉത്തരവിൽ ആശങ്കയുണ്ടെന്നും, അത്തരം ഉത്തരവുകൾ അടിച്ചേൽപ്പിക്കുകയല്ല, മറിച്ച് ബന്ധപ്പെട്ടവരെ വിളിച്ചുചർച്ച ചെയ്ത് സമവായത്തിലെത്തുകയാണ് വേണ്ടിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടുക്കിയിലെ കർഷകരും പ്രാദേശിക ഭരണസംവിധാനങ്ങളും സർക്കാരുമായി സഹകരിക്കാൻ തയ്യാറാകണം. ആവശ്യമെങ്കിൽ ഫെൻസിങ് താത്കാലികമായി എടുത്തുമാറ്റാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഒറ്റ ദിവസംകൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആരുടെയും കയ്യിൽ മാന്ത്രികദണ്ഡ് ഇല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വന്യജീവി വിഷയത്തിൽ രണ്ട് തീവ്ര നിലപാടുകളുള്ള വിഭാഗങ്ങളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മൃഗങ്ങളെ കൊന്നൊടുക്കണമെന്ന് വാദിക്കുന്ന ഒരു വിഭാഗവും, അവയെ പൂർണ്ണമായും സംരക്ഷിക്കണമെന്ന് പറയുന്ന മറ്റൊരു വിഭാഗവുമാണ് നിലവിലുള്ളത്. ഇതിന് പരിഹാരമായി വനാതിർത്തികളിൽ വന്യമൃഗങ്ങളെ ആകർഷിക്കാത്ത തരത്തിലുള്ള കൃഷികൾ നടപ്പിലാക്കണം.
മഞ്ഞൾ, നാരകം, ലെമൺ ഗ്രാസ് തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നത് വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സഹായിക്കുമെന്നും മന്ത്രി ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

