കൊച്ചി ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ പുതിയ ഘട്ടത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കടമക്കുടി, പാലിയംതുരുത്ത് എന്നീ പുതിയ ടെർമിനലുകളുടെ പണികൾ പൂർത്തിയായിക്കഴിഞ്ഞു.
ഈ കേന്ദ്രങ്ങളിലേക്കുള്ള അപ്രോച്ച് റോഡുകളുടെ നിർമ്മാണവും അവസാന ഘട്ടത്തിലാണെന്നും, ഒരു മാസത്തിനുള്ളിൽ ഇവ പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു. കെഎംആർഎൽ കൊച്ചി കോർപറേറ്റ് ഓഫിസിൽ മാനേജിങ് ഡയറക്ടർ ജി.പ്രിയങ്കയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക അവലോകന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.
എറണാകുളം സുഭാഷ് പാർക്കിന് സമീപം ആരംഭിച്ച പുതിയ ടെർമിനലിന്റെ പൈലിങ് ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. ഈ വരുന്ന ഒക്ടോബറോടുകൂടി 30 പൈലിങ് ജോലികളും 5 പൈൽ ചിപ്പിങ്ങും പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നു.
ഇടക്കൊച്ചി, വരാപ്പുഴ ടെർമിനലുകൾ, ഹൈക്കോടതി ടെർമിനലിലെ ഒസിസി, കെഡബ്ല്യുഎംഎൽ ഓഫിസ് സൗകര്യങ്ങൾ എന്നിവയ്ക്കായുള്ള കരാറുകൾ ഉടൻ തന്നെ നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ, ബോൾഗാട്ടി, വൈറ്റില, സൗത്ത് ചിറ്റൂർ, കാക്കനാട്, കടമക്കുടി എന്നീ പ്രദേശങ്ങളിലെ ബോട്ട് ചാർജർ ഇൻഫ്രാസ്ട്രക്ചർ ടെൻഡറുകൾ പുറപ്പെടുവിക്കുന്നതിനുള്ള നടപടികളും അതിവേഗം മുന്നോട്ടുപോവുകയാണ്.
കൊച്ചിൻ ഷിപ്പ്യാർഡിൽ നിന്ന് ഓർഡർ നൽകിയ ആകെ 23 ബോട്ടുകളിൽ 20 എണ്ണത്തിന്റെ നിർമ്മാണം പൂർത്തിയായി ലഭിച്ചു കഴിഞ്ഞു. അവശേഷിക്കുന്നവയിൽ ഒരു ബോട്ട് വരുന്ന ഡിസംബറിലും ബാക്കി രണ്ടു ബോട്ടുകൾ 2028 ജൂണിലും കൈമാറും.
നൂറു പേർക്ക് ഒരേസമയം യാത്ര ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള 15 പുതിയ ബോട്ടുകൾക്കായി ഇതിനോടകം തന്നെ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. കാസ്റ്റിങ് പൂർത്തിയായ 16 ഫ്ലോട്ടിങ് ജെട്ടികളിൽ രണ്ടെണ്ണം ഇതിനകം സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്.
ശേഷിക്കുന്ന ജെട്ടികൾ ഡ്രെഡ്ജിങ് ജോലികൾ പൂർത്തിയാക്കിയ ശേഷം 2026 ഡിസംബറിനകം പൂർണ്ണമായി സ്ഥാപിക്കാനാണ് പ്ലാൻ ചെയ്തിട്ടുള്ളത്. കൊച്ചിയുടെ ഈ വിജയ മാതൃക മറ്റ് സംസ്ഥാനങ്ങൾക്കും അന്താരാഷ്ട്ര തലത്തിനും മാതൃകയാക്കാൻ സാധിക്കുന്നുണ്ടെന്നത് അഭിമാനകരമാണ്.
രാജ്യത്ത് മെട്രോ റെയിൽ രംഗത്ത് ഡൽഹി മെട്രോ റെയിൽ ലിമിറ്റഡ് എന്ത് സ്ഥാനം വഹിക്കുന്നുവോ, ജലമെട്രോയുടെ കാര്യത്തിൽ കൊച്ചി വാട്ടർ മെട്രോ അത്രയും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.
കൺസൾട്ടൻസി സേവനങ്ങൾ നൽകിയ വഴിയിലൂടെ മാത്രം കഴിഞ്ഞ വർഷം 15 കോടി രൂപയുടെ വരുമാനമാണ് നേടിയത്. മുംബൈ വാട്ടർ മെട്രോയ്ക്കായുള്ള വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ഇതിനകം സമർപ്പിച്ചു കഴിഞ്ഞു.
ഗോവ വാട്ടർ മെട്രോയുടെ ഡിപിആർ തയാറാക്കിവരുന്നു. മിനിസ്ട്രി ഓഫ് പോർട്സ്, ഷിപ്പിങ് ആൻഡ് വാട്ടർവേയ്സ് (MoPSW) വേണ്ടി രാജ്യത്തുടനീളം 18 കേന്ദ്രങ്ങളിൽ ഫീസിബിലിറ്റി പഠനവും പൂർത്തിയാക്കി.
ഒഡീഷയിലെ ചിലിക്ക തടാകത്തിനും കൊളാബ് ഡാമിനും വേണ്ടിയുള്ള സാധ്യതാ പഠനങ്ങളും വിജയകരമായി നടത്തിയിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും മലേഷ്യയിലെ പെനാങ്, വിയറ്റ്നാമിലെ മികോങ് റിവർ എന്നിവിടങ്ങളിലും പ്രീ ഫീസിബിലിറ്റി പഠനങ്ങൾ നടത്തിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികളിലേക്ക് കടക്കും. സർവീസ് ആരംഭിച്ചത് മുതൽ 2026 ഒക്ടോബർ 2 വരെയുള്ള മൂന്നര വർഷം കൊണ്ട് 77,70,326 യാത്രികരാണ് വാട്ടർ മെട്രോയിലൂടെ യാത്ര ചെയ്തത്.
2023 ഏപ്രിൽ 26ന് സർവീസ് തുടങ്ങിയതുമുതൽ ഓരോ വർഷവും യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. 2023-24 സാമ്പത്തിക വർഷത്തിൽ 18,44,375 പേരും, 2024-25ൽ 21,08,148 പേരും, 2025-26ൽ 24,64,559 പേരും ഈ യാത്രാസൗകര്യം പ്രയോജനപ്പെടുത്തി.
2026-27 സാമ്പത്തിക വർഷത്തിൽ ഒക്ടോബർ 2 വരെയുള്ള കാലയളവിൽ 13,53,244 പേർ യാത്ര ചെയ്തു. ഒക്ടോബർ 2ന് മാത്രം 11,670 പേരാണ് വാട്ടർ മെട്രോ തെരഞ്ഞെടുത്തത്.
കൂടാതെ, കഴിഞ്ഞ മാസം ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി എത്തിയ 19 രാജ്യങ്ങളിലെ വ്ലോഗർമാരെ ഏറെ ആകർഷിച്ചത് ഇവിടുത്തെ വാട്ടർ മെട്രോ യാത്രയായിരുന്നു. കാക്കനാട് വാട്ടർ മെട്രോ ടെർമിനലിൽ സെമി നെയിമിങ് പരസ്യങ്ങൾ വഴി വരുമാനം ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ മറ്റു ടെർമിനലുകളിലെ സെമി നെയിമിങ് പരസ്യങ്ങളും കൊമേഴ്സ്യൽ സ്പേസുകളും വഴി കൂടുതൽ വരുമാനം കണ്ടെത്താനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. 2023-24 വർഷത്തിൽ 4,13,20,240 രൂപയും, 2024-25 വർഷത്തിൽ 8,13,54,933 രൂപയും, 2025-26 വർഷത്തിൽ 10,89,86,929 രൂപയുമാണ് ടിക്കറ്റ് ഇനത്തിൽ മാത്രം ലഭിച്ച വരുമാനം.
കെഎംആർഎൽ ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ ഡയറക്ടർമാരായ ഡോ. എം.പി.രാം നവാസ് (പ്രോജക്ട്സ്), സഞ്ജയ് കുമാർ (സിസ്റ്റംസ്), രവീന്ദ്ര കുമാർ പഠക് (ഫിനാൻസ്) തുടങ്ങിയ പ്രമുഖരും ജനറൽ മാനേജർമാരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

