തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ ശ്രീലേഖയുടെ രാജി പ്രഖ്യാപനത്തിൽ പ്രതികരണവുമായി അവർ പ്രതിനിധീകരിക്കുന്ന ശാസ്തമംഗലം വാർഡിലെ ജനങ്ങൾ രംഗത്ത്. ശ്രീലേഖയുടെ അപ്രതീക്ഷിത രാജി നീക്കം നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രം മാത്രമാണെന്ന് ഒരു വിഭാഗം വോട്ടർമാർ വിലയിരുത്തുമ്പോൾ, കൗൺസിലർ പദവി ഈ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ പാകത്തിലുള്ളതല്ലെന്ന് മറ്റുചിലർ അഭിപ്രായപ്പെടുന്നു.
ശ്രീലേഖയുടെ രാജി ഭരണസമിതിയെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നും നാട്ടുകാർ വ്യക്തമാക്കിയിട്ടുണ്ട്. കൗൺസിലർ പദവിയിൽ കാലാവധി പൂർത്തിയാക്കാൻ കഴിയില്ലെന്ന കാര്യം മാഡത്തിനും നാട്ടുകാർക്കും ഒരുപോലെ അറിയാമായിരുന്നെന്നാണ് ഒരാളുടെ പ്രതികരണം.
നേതൃത്വത്തെ ഒന്ന് വിരട്ടുക മാത്രമാണ് ഈ നീക്കത്തിന് പിന്നിലെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു. രാജി പ്രഖ്യാപിച്ചെങ്കിലും വാർഡിൽ മറ്റ് അനിഷ്ട
സംഭവങ്ങളോ പ്രതിസന്ധികളോ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. രാഷ്ട്രീയത്തിൽ സ്ഥിരതയും വ്യക്തതയുമുള്ള വ്യക്തികളാണ് മത്സരരംഗത്തിറങ്ങേണ്ടതെന്നാണ് മറ്റൊരു വോട്ടറുടെ പക്ഷം.
പൊതുപ്രവർത്തനവുമായി യാതൊരു ബന്ധവുമില്ലാത്തവർ ഇത്തരം സ്ഥാനങ്ങളിലേക്ക് എത്തുമ്പോൾ ഇത്തരത്തിലുള്ള പ്രതിസന്ധികൾ സ്വാഭാവികമാണ്. ഇത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ശ്രീലേഖ രാജിവെച്ചത് നാടിന് ഗുണകരമാണെന്ന നിലപാടിലാണ് മറ്റുചിലർ. “രാജിവെച്ചെങ്കിൽ നല്ലതാണ്.
ഒന്ന് രണ്ട് കാര്യങ്ങൾക്ക് വിളിച്ചു പറഞ്ഞെങ്കിലും അവർ ഇതുവരെ വന്നിട്ടില്ല. മരങ്ങൾ വീണപ്പോൾ പല തവണ ബന്ധപ്പെട്ടെങ്കിലും ഫോണെടുക്കാൻ തയ്യാറായില്ല.
ഇവിടുത്തെ ഒരു കാര്യത്തിലും ഇടപെടുന്നില്ല. എല്ലാവരും കൂടി വോട്ട് ചെയ്ത് ജയിപ്പിച്ചു എന്നല്ലാതെ, ഈ വാർഡിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല” എന്നാണ് ഒരു നാട്ടുകാരൻ പ്രതികരിച്ചത്.
മാറ്റങ്ങൾ വരുത്തുമെന്ന് പ്രഖ്യാപിച്ച് തലസ്ഥാന നഗരത്തിൻ്റെ ഭരണം പിടിച്ചെടുത്ത ബിജെപി, കേവല ഭൂരിപക്ഷത്തിന്റെ മാത്രം കരുത്തിൽ മുന്നോട്ടുപോകുന്നതിനിടയിലാണ് ഈ രാജി പ്രഖ്യാപനം തിരിച്ചടിയാകുന്നത്. വികസന മാസ്റ്റർ പ്ലാൻ അടക്കമുള്ള വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിലെ കാലതാമസവും, കൗൺസിലർ സുഗതൻ കാപ്പാ കേസിൽ ഉൾപ്പെട്ടതുമായ സംഭവവികാസങ്ങൾക്കിടയിലാണ് ശാസ്തമംഗലം കൗൺസിലർ പദവിയിൽ നിന്ന് ആർ ശ്രീലേഖ പടിയിറങ്ങുന്നത്.
മേയർക്ക് രാജിക്കത്ത് കൈമാറിയ ശ്രീലേഖ, ഈ വിവരം വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയും സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ട്. എന്നാൽ രാജി സംബന്ധിച്ച് പരസ്യ പ്രതികരണത്തിന് അവർ ഇതുവരെ തയ്യാറായിട്ടില്ല.
കത്ത് ലഭിച്ചതായി മേയർ വി വി രാജേഷ് സ്ഥിരീകരിച്ചെങ്കിലും, ചട്ടപ്രകാരം കൗൺസിലർ രാജിക്കത്ത് സമർപ്പിക്കേണ്ടത് കോർപറേഷൻ സെക്രട്ടറിക്കാണ്. എന്നാൽ തനിക്ക് ഇതുവരെ ഔദ്യോഗികമായി രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് കോർപറേഷൻ സെക്രട്ടറി മുഹമ്മദ് ഷാഫി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

