പ്രധാനമന്ത്രി പദത്തിൽ നിന്ന് പുറത്തായശേഷം 2023 മുതൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാനിലെങ്ങും വൻ പ്രക്ഷോഭം. ഇമ്രാന്റെ പാർട്ടിയായ പിടിഐ നാളെ (ഒക്ടോബർ 4) പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമബാദിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലോങ് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
മാർച്ചിനായി ആഴ്ചകൾക്ക് മുൻപേ തന്നെ തുടങ്ങിയ ഒരുക്കങ്ങളും മാർച്ച് ഏതുവിധേനയും തടയാൻ പാക്ക് ഭരണകൂടവും പൊലീസും നടത്തുന്ന ശ്രമങ്ങളും പാക്കിസ്ഥാൻ സമ്പദ്വ്യവസ്ഥയെ സ്തംഭിപ്പിച്ചിരിക്കുകയാണ്. തുറമുഖങ്ങൾ വഴിയുള്ള കയറ്റിറക്കുമതിക്കായി പോവുന്ന കണ്ടെയ്നർ ട്രക്കുകൾ കൂട്ടത്തോടെ പിടിച്ചെടുക്കുന്ന പൊലീസ് നടപടിയാണ് പ്രധാന തിരിച്ചടി.
പിടിച്ചെടുക്കുന്ന കണ്ടെയ്നറുകൾ റോഡിന് കുറുകെയിട്ട് മാർച്ച് തടയാനാണ് പൊലീസ് ശ്രമിക്കുന്നത്. പാക്കിസ്ഥാന്റെ പലഭാഗങ്ങളിലും പൊലീസ് കണ്ടെയ്നർ ബാരിക്കേഡാക്കി റോഡുകൾ അടച്ചു.
ഇസ്ലാമബാദ് മേഖലയിലേക്കും പഞ്ചാബ് പ്രവിശ്യയിലേക്കും ലോഡുമായി പോകാൻ ട്രക്ക് ഡ്രൈവർമാർ വിസ്സമതിക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പഞ്ചാബ് പ്രവിശ്യയിലേക്ക് ഇപ്പോൾ പോകുന്നത് ആത്മഹത്യാപരമാണെന്ന് ട്രക്ക് ഡ്രൈവർ ജാവീദ് ഉർ റഹ്മാൻ പറഞ്ഞു.
കണ്ടെയ്നറുകൾ പിടിച്ചെടുത്തശേഷം ഡ്രൈവർമാരെ പൊലീസ് പെരുവഴിയിൽ ഇറക്കിവിടുകയാണെന്നും ജാവീദ് പറഞ്ഞു. പ്രക്ഷോഭം മൂലം പാക്കിസ്ഥാൻ സമ്പദ്വ്യവസ്ഥയ്ക്ക് ഓരോ ദിവസവും ശരാശരി 11,000 കോടി പാക്കിസ്ഥാനി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് പറഞ്ഞു.
റോഡുകൾ അടച്ചിട്ടതുമൂലം ചരക്കുനീക്കം സ്തംഭിച്ചതും ബിസിനസ് സ്ഥാപനങ്ങളും ഓഫിസുകളും അടച്ചതുമാണ് പ്രതിസന്ധിക്ക് കാരണം. കറാച്ചി തുറമുഖത്തേക്കും തുറമുഖത്തു നിന്ന് പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിലേക്കുമുള്ള കണ്ടെയ്നർ നീക്കവും നിലച്ചു.
ഇതോടെ തുറമുഖത്തിന്റെ പ്രവർത്തനവും ഏറക്കുറെ സ്തംഭിച്ച മട്ടാണ്. പൊലീസിനെ പേടിച്ച് കണ്ടെയ്നറുകൾ തുറമുഖത്തുനിന്ന് പുറത്തുകൊണ്ടുപോകാൻ വ്യാപാരികൾ മടിക്കുകയാണ്.
ഓരോ ദിവസവും 30,000 മുതൽ 40,000 രൂപവരെ സ്ഥലവാടക തുറമുഖത്തിന് നൽകേണ്ട ബാധ്യതയും നേരിടുകയാണ് ഇതോടെ വ്യാപാരികൾ.
മാത്രമല്ല, പറഞ്ഞുറപ്പിച്ച സമയത്ത് ഇറക്കുമതി ഉൽപന്നങ്ങൾ ഉപയോക്താക്കൾക്ക് നൽകാൻ പറ്റാത്തതും സാമ്പത്തികബാധ്യത കൂട്ടി. പുതിയ ഓർഡറുകൾ കിട്ടാത്തതും ബാധിച്ചു.
പ്രക്ഷോഭവും പൊലീസ് നടപടിയും ചരക്കുനീക്കത്തെ ബാധിച്ചതോടെ പാക്കിസ്ഥാനിൽ അവശ്യവസ്തുക്കളുടെ ക്ഷാമവും വിലക്കയറ്റവുമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സെപ്റ്റംബറിൽ പണപ്പെരുപ്പം 10.26 ശതമാനമായി വർധിച്ചെന്ന് പാക്കിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി.
ഗതാഗതച്ചെലവ് 27.43 ശതമാനവും ഉയർന്നു. സമരം ചെയ്യാൻ അവകാശമുണ്ടെന്നും ലോങ് മാർച്ച് നടത്താനുള്ള തീരുമാനം മാറ്റില്ലെന്നും പിടിഐ നേതാവും ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രിയുമായ സൊഹൈൽ അഫ്രീദി പറഞ്ഞു.
ഇമ്രാൻ ഖാനെ നിയമവിരുദ്ധമായാണ് ജയിലിൽ അടച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മോചനം ഉറപ്പാക്കാനായി ജനസാഗരം അണിനിരക്കും.
എന്തുവില കൊടുത്തും ലോങ് മാർച്ച് നടത്തുമെന്നും അഫ്രീദി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

