ഉത്തർപ്രദേശിലെ ലക്നൗവിൽ ലിംഗമാറ്റ ശസ്ത്രക്രിയ തടഞ്ഞതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ 42 കാരിയായ അമ്മയെ 17കാരനായ മകൻ കൊലപ്പെടുത്തി. രാജേന്ദ്ര നഗർ പ്രദേശത്താണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
താനൊരു സ്ത്രീയാണെന്നും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്നും കൗമാരക്കാരൻ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം വീട്ടിൽ കടുത്ത തർക്കങ്ങൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും വഴിവെച്ചിരുന്നു.
നഖ ഹിൻഡോള പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള രാജേന്ദ്ര നഗർ ക്രോസിങ്ങിനു സമീപമുള്ള ഒരു അപ്പാർട്മെന്റിലാണ് ദാരുണ സംഭവം നടന്നത്. ശസ്ത്രക്രിയയുമായി മുന്നോട്ടുപോകരുതെന്ന് അമ്മ മകനെ ഉപദേശിക്കുകയും കൗൺസിലിംഗിന് വിധേയനാകാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ നിരന്തരം വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ വീട്ടിലെത്തിയ കുറ്റവാളിയായ മകൻ അമ്മയോട് ചായ ആവശ്യപ്പെടുകയായിരുന്നു.
അമ്മ അടുക്കളയിലേക്ക് പോകുന്നതിനിടെ പുറകിൽ നിന്ന് റെഞ്ച് ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുതന്നെ മരണത്തിന് കീഴടങ്ങി.
കൃത്യത്തിന് ശേഷം കൗമാരക്കാരൻ തന്നെയാണ് വിവരം പിതാവിനെയും പൊലീസിനെയും വിളിച്ച് അറിയിച്ചത്. “ഞാൻ എന്റെ അമ്മയെ കൊന്നു” എന്നാണ് പ്രതി പൊലീസിനെ വിളിച്ചറിയിച്ചത്.
വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഈ കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവം നടക്കുന്നതിന് ഒരാഴ്ച മുൻപ് തന്നെ 17കാരൻ ഇരുമ്പുദണ്ഡും കുരുമുളക് സ്പ്രേയും വാങ്ങി സൂക്ഷിച്ചിരുന്നു. കൊലപാതകത്തിന് ആവശ്യമായി വന്നേക്കുമെന്നു കരുതിയാണ് ഇവ മുൻകൂട്ടി വാങ്ങി വെച്ചതെന്ന് പൊലീസ് കണ്ടെത്തി.
കഴിഞ്ഞ നാല് മാസത്തോളമായി മാതാപിതാക്കളിൽനിന്ന് മാറി മറ്റൊരിടത്താണ് കൗമാരക്കാരൻ താമസിച്ചിരുന്നതെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. സംഭവത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

