അമേരിക്കയിലെ ഒഹായോയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഹിന്ദു ക്ഷേത്രത്തിന് നേരെ കല്ലേറും അതിക്രമവുമുണ്ടായി. ഗ്രേറ്റർ ക്ലീവ്ലാന്റ് പ്രദേശത്തെ റിച്ച്മണ്ട് ഹൈറ്റ്സിൽ പ്രവർത്തിക്കുന്ന ശ്രീ സ്വാമിനാരായൺ വഡ്താൽ ധാം ഹിന്ദു മന്ദിറിന് നേരെയാണ് ആക്രമണം നടന്നത്.
ഈ സംഭവത്തിൽ ക്ഷേത്രത്തിന്റെ ജനൽച്ചില്ലകൾ പൂർണ്ണമായും തകർന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 ഓടെയാണ് ഈ അതിക്രമം അരങ്ങേറിയതെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനും കൊയലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയും വ്യക്തമാക്കി.
ആക്രമണം നടക്കുമ്പോൾ പൂജാരിമാരും നിരവധി ഭക്തരും ക്ഷേത്രത്തിനുള്ളിൽ ഉണ്ടായിരുന്നു. അക്രമികൾ ക്ഷേത്രത്തിന് നേരെ തുടർച്ചയായി ഇഷ്ടികകളും കല്ലുകളും എറിയുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ ഘടിപ്പിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസും എഫ്.ബി.ഐയും സിവിൽ റൈറ്റ്സ് വിഭാഗവും ചേർന്ന് പരിശോധിച്ച് വരികയാണ്. അമേരിക്കയിൽ ഒക്ടോബർ മാസം ‘ഹിന്ദു ഹെറിറ്റേജ് മന്ത്’ ആയി ആഘോഷിക്കുകയും നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്ത ഘട്ടത്തിലാണ് ഈ അക്രമം ഉണ്ടായിരിക്കുന്നത്.
അമേരിക്കൻ ഹിന്ദു സമൂഹത്തിനെതിരെ വർദ്ധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങളുടെയും ആക്രമണങ്ങളുടെയും ഭാഗമാണിതെന്ന് വിവിധ സംഘടനകൾ ആരോപിച്ചു. കുറ്റക്കാരെ എത്രയും പെട്ടെന്ന് കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രാദേശിക ഭരണകൂടത്തോടും പൊലീസിനോടും സംഘടനകൾ ശക്തമായി ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

