കേരളത്തിൽ അനുവദിക്കേവുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) സംബന്ധിച്ച് തന്റെ നിലപാടിൽ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. കോട്ടയത്ത് നടന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന സർക്കാർ സമർപ്പിച്ച ഒൻപത് സ്ഥലങ്ങളുടെ പട്ടികയിൽ നിന്ന് തൃശൂരിനെ ഒഴിവാക്കിയത് രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തിൽ വെള്ളൂരിനെ എയിംസ് സ്ഥാപിക്കുന്നതിനായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി കെ.ഫ്രാൻസിസ് ജോർജ് പിന്തുണ തേടിയപ്പോഴാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം ഉണ്ടായത്.
‘‘എയിംസിന്റെ പേരിൽ എന്നെ ഒരുപാട് ട്രോളിയിട്ടുണ്ട്. ഞാൻ അറിയാതെ കേരളത്തിൽ എയിംസ് അനുവദിക്കില്ല.
തൃശൂരാണ് ഏറ്റവും മികച്ച സ്ഥലം. അതല്ലെങ്കിൽ ആലപ്പുഴ പരിഗണിക്കണം’’ എന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം, എയിംസ് പദ്ധതി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കേന്ദ്രസർക്കാർ വച്ചുതാമസിപ്പിക്കുകയാണെന്ന് മുൻ വ്യവസായമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.രാജീവ് പാലായിൽ പ്രതികരിച്ചു. എയിംസ് സ്ഥാപിക്കുന്നതിനായി കുറ്റ്യാടിയിൽ ഇരുന്നൂറോളം ഏക്കർ ഭൂമി നൽകിയിട്ടുണ്ടെന്നും എന്നാൽ തുടർനടപടികൾ കേന്ദ്രം വൈകിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വ്യവസായ വകുപ്പിന്റെ ഭൂമി കൈമാറാൻ സന്നദ്ധത അറിയിച്ചപ്പോൾ അത് ആരോഗ്യ വകുപ്പിന്റെ പേരിൽ നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സംസ്ഥാന ആരോഗ്യ വകുപ്പിലേക്ക് രേഖകളോടെ ഭൂമി കൈമാറുകയും ആ വിവരം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിട്ടും പിന്നീട് യാതൊരുവിധ നീക്കവും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും പി.രാജീവ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

