ഔദ്യോഗിക വാഹനം തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി ഒജെ ജനീഷ് രംഗത്ത്. പ്രതിഷേധങ്ങൾ അതിരു കടക്കുന്നുണ്ടോ എന്ന് സമരക്കാർ ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തന്നെ തടഞ്ഞ സംഭവത്തിൽ കേസെടുക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും, എന്നാൽ സർക്കാർ വാഹനം തടഞ്ഞാൽ പൊലീസ് സ്വാഭാവികമായും കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടയിലെ കനത്ത പ്രതിഷേധങ്ങൾ വകവെയ്ക്കാതെ മന്ത്രി തിരുവനന്തപുരത്ത് എത്തിച്ചേർന്നിട്ടുണ്ട്.
സംഭവസ്ഥലത്ത് പൊലീസിന്റെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം യുവമോർച്ചയുടെയും ബിജെപിയുടെയും കരിങ്കൊടി പ്രതിഷേധങ്ങൾ സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ മന്ത്രി ഒ ജെ ജനീഷ് കൊല്ലത്ത് എത്തുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശന വേളയിൽ കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതോടെയാണ് പ്രതിഷേധ പരമ്പരകൾക്ക് തുടക്കമായത്. ജില്ലയിൽ മന്ത്രിക്ക് നേരെ കടുത്ത പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തി വൻ പോലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് – എസ്എഫ്ഐ സംഘർഷം നടന്ന പശ്ചാത്തലത്തിൽ, മന്ത്രിക്ക് എതിരെ ഡിവൈഎഫ്ഐയും കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വരും ദിവസങ്ങളിലും എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യത പൊലീസും തള്ളിക്കളയുന്നില്ല.
കൊല്ലത്ത് വെച്ച് നടക്കുന്ന യൂത്ത് കോൺഗ്രസ് ‘ജൻ ഇന്ത്യാ മൂവ്മെൻ്റ്’ പദയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നത് കെ സി വേണുഗോപാൽ എംപിയാണ്. ഈ ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന കെ സി വേണുഗോപാലിന് നേരെയും പ്രതിഷേധ സാധ്യതയുള്ളതിനാൽ പൊലീസിന്റെ ഭാഗത്തുനിന്നും കനത്ത ജാഗ്രത തുടരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

