വാഷിങ്ടൻ ∙ അമേരിക്കൻ ആയുധങ്ങൾ വാങ്ങാൻ താൽപര്യമുണ്ടോയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചോദിച്ചതായി ചൈനയിലെ യുഎസ് അംബാസഡർ ഡേവിഡ് പെർഡ്യൂ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച നടന്ന യുഎസ് സന്ദർശനത്തിനിടയിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനോടാണ് ട്രംപ് ഈ അസാധാരണമായ ചോദ്യം ഉന്നയിച്ചതെന്നാണ് പുതിയ വെളിപ്പെടുത്തൽ.
പ്രമുഖ മാധ്യമ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തയ്വാന് അമേരിക്ക ആയുധങ്ങൾ വിൽക്കുന്നതിനെതിരെ ചൈനീസ് ഭരണാധികാരി ശക്തമായ വിയോജിപ്പ് അറിയിച്ച വേളയിലാണ് ട്രംപ് ഈ വിഷയം ഉന്നയിച്ചത്.
ലോകത്തിലെ വിവിധ രാജ്യങ്ങൾക്ക് തങ്ങൾ ആയുധങ്ങൾ നൽകുന്നുണ്ടെന്ന് വിശദീകരിച്ചുകൊണ്ട് തയ്വാനുമായുള്ള പ്രതിരോധ ഇടപാടുകളെ ട്രംപ് ന്യായീകരിക്കുകയായിരുന്നു. തുടർന്ന്, എങ്കിൽ പിന്നെ നിങ്ങൾക്കും കുറച്ച് ആയുധങ്ങൾ വാങ്ങിക്കൂടേ എന്ന് അദ്ദേഹം ഷി ചിൻപിങ്ങിനോട് ചോദിക്കുകയായിരുന്നെന്ന് ഡേവിഡ് പെർഡ്യൂ വിശദീകരിച്ചു.
എന്നാൽ ഈ നിർദ്ദേശം എപ്പോഴാണ് മുന്നോട്ടുവെച്ചതെന്ന കൃത്യമായ സമയം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കയുടെ പരമ്പരാഗത തന്ത്രപ്രധാന എതിരാളിയായ ചൈനയ്ക്ക് ആയുധങ്ങൾ കൈമാറുന്നത് സംബന്ധിച്ച ചർച്ചകൾ നടപ്പിലായാൽ അത് രാജ്യത്തിന്റെ കാലങ്ങളായുള്ള ചൈന-തയ്വാൻ നയങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും.
സ്വന്തം പ്രദേശമായി ചൈന അവകാശപ്പെടുന്ന തയ്വാന് ആയുധങ്ങൾ നൽകുന്നത് അമേരിക്കയുടെ അതീവ സുരക്ഷയുള്ള സാങ്കേതികവിദ്യകൾ ചോർന്നുപോകാൻ ഇടയാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ചൈനീസ് ഭീഷണി നേരിടുന്ന തയ്വാന് നൽകേണ്ട
14 ബില്യൺ ഡോളറിന്റെ ആയുധ പാക്കേജ് വൈകുന്നതിൽ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് കക്ഷികളുടെ ജനപ്രതിനിധികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചൈനയെ പ്രീതിപ്പെടുത്താനാണോ തയ്വാന് ആയുധങ്ങൾ നൽകാത്തത് എന്ന ചോദ്യത്തെ അംബാസഡർ കർശനമായി നിഷേധിക്കുകയും, തയ്വാന്റെ കാര്യത്തിൽ ട്രംപ് ഉറച്ച നിലപാടാണ് കൈക്കൊണ്ടിരിക്കുന്നതെന്നും ഓർമ്മിപ്പിച്ചു.
വൈറ്റ് ഹൗസിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചയിൽ തയ്വാന്റെ സ്വാതന്ത്ര്യത്തെ എതിർക്കണമെന്ന് ഷി ചിൻപിങ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, പ്രതിരോധ ഉപകരണങ്ങൾ വാങ്ങാൻ ട്രംപ് ആവശ്യപ്പെട്ടുവെന്ന പെർഡ്യൂവിന്റെ വെളിപ്പെടുത്തലുകൾ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ നേരിട്ട് സ്ഥിരീകരിച്ചിട്ടില്ല.
തങ്ങളുടെ ആവശ്യാനുസരണം പ്രതിരോധ ശേഷി ശക്തിപ്പെടുത്താറുണ്ടെന്നും ആഗോള സമാധാനത്തിന് ചൈന എക്കാലവും പ്രതിജ്ഞാബദ്ധമാണെന്നുമാണ് അദ്ദേഹം ഇതിനോട് പ്രതികരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

