ഡല്‍ഹി: കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് കോടതിയുടെ നിര്‍ദേശം.
ഈ വിഷയത്തില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഐടി നിയമപ്രകാരം പുതിയ ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും കോടതി വ്യക്തമാക്കി. നിയമപരമായി പരിശോധിക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള കരാറുകളില്‍ ഏര്‍പ്പെടാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് അര്‍ഹതയില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.
ഇങ്ങനെയൊരു സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് നിര്‍മിക്കുമ്പോള്‍ കുട്ടികള്‍ക്ക് പ്ലാറ്റ്ഫോമുമായി കരാറിലെത്താന്‍ എങ്ങനെ സാധിക്കുമെന്നും, നിയമപരമായ കരാറില്ലാതെ ഇത്തരം അക്കൗണ്ടുകള്‍ എങ്ങനെ സജീവമാകുമെന്നും കോടതി ഗൗരവകരമായ ചോദ്യം ഉന്നയിച്ചു. ഇത്തരം കരാറുകള്‍ തുടക്കം മുതല്‍ തന്നെ നിയമപരമായി അസാധുവായി കണക്കാക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
12 വയസിനും 15 വയസിനും ഇടയിലുള്ള കുട്ടികള്‍ക്കൊക്കെ യാതൊരു തടസ്സവുമില്ലാതെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എടുക്കാന്‍ എങ്ങനെ സാധിക്കുന്നുവെന്നും കോടതി ആരാഞ്ഞു. അതേസമയം, സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകള്‍ തുറക്കുന്നതിന് കുട്ടികളുടെ മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുന്നത് ഉള്‍പ്പെടെയുള്ള വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഈ പൊതുതാൽപ്പര്യ ഹര്‍ജി വരുന്ന മാസം 13-ാം തീയതി കോടതി വീണ്ടും പരിഗണിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

