അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിനിടെ തകർന്ന ഇറാനിലെ ആശുപത്രിയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനെയിയെ രക്ഷപെടുത്തിയത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ടിലാണ് ഈ നിർണായക വിവരങ്ങളുള്ളത്.
ഇറാന്റെ അസംബ്ലി ഓഫ് എക്സ്പെർട്സ് അംഗമായ മൊഹ്സെൻ ഹൈദരിയാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഖത്തർ ടെലിവിഷൻ ശൃംഖലയായ അൽ അറബിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
നേരത്തെ നടന്ന ആക്രമണങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു മൊജ്തബ ഖമനെയി. ഇതിനിടെ ടെഹ്രാനിലെ മൂന്ന് ആശുപത്രികൾക്ക് നേരെ ബോംബാക്രമണം ഉണ്ടാവുകയായിരുന്നു.
മൂന്നാമത്തെ ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയിലുണ്ടായിരുന്നത്. ആക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് അദ്ദേഹത്തെ സുരക്ഷിതമായി പുറത്തെടുത്തതെന്നും തുടർന്ന് ഒരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും അതിനുശേഷം അദ്ദേഹത്തെ പൊതുവേദിയിൽ കണ്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമനെയിയെ തെരഞ്ഞെടുത്തതിനെക്കുറിച്ചും മൊഹ്സെൻ ഹൈദരി അഭിമുഖത്തിൽ സംസാരിച്ചു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിൽ വാർത്ത വരുന്നത് വരെ തങ്ങളെ പുതിയ നേതാവായി തെരഞ്ഞെടുത്ത വിവരം മൊജ്തബ ഖമനെയി അറിഞ്ഞിരുന്നില്ലെന്നാണ് ഹൈദരി പറയുന്നത്.
പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാൻ ചുമതലയുള്ള അസംബ്ലി ഓഫ് എക്സ്പെർട്സിനും ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. തുടർന്ന് അസംബ്ലി അംഗങ്ങൾ ഒരു രഹസ്യ മുറിയിൽ ഒത്തുകൂടി കടലാസിലാണ് വോട്ടുകൾ രേഖപ്പെടുത്തിയത്.
യോഗത്തിൽ പങ്കെടുത്ത 59 പേരിൽ 50 പേരും മൊജ്തബ ഖമനെയിക്ക് വോട്ട് ചെയ്തപ്പോൾ എട്ട് പേർ ആയത്തുള്ള അലിറേസ അറാഫിയെ പിന്തുണച്ചു. ഒരാൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയാണുണ്ടായത്.
“ശത്രുക്കളുടെ നിലപാട് പരിഗണിക്കുമ്പോൾ, ആയത്തുള്ള മൊജ്തബ ഖമനെയിയെ അല്ലാതെ മറ്റൊരാളെയും ഇറാൻ്റെ നേതാവായി ഞങ്ങൾ തിരഞ്ഞെടുക്കില്ല. മൊജ്തബ ഖമേനി പൂർണ ആരോഗ്യവാനാണെന്നും രാജ്യത്തെ നയിക്കാൻ പ്രാപ്തനാണെന്നും ഞങ്ങൾക്ക് വിവരം ലഭിച്ചിരുന്നു.
രാജ്യത്തെ നയിക്കാനുള്ള മതപരമായ യോഗ്യതയും നീതിബോധവും കഴിവും അദ്ദേഹത്തിനുണ്ടെന്ന് ഞങ്ങൾ ഉറപ്പുവരുത്തി” എന്ന് മൊഹ്സെൻ ഹൈദരി വ്യക്തമാക്കി. ഇറാന് നേരെ നടന്ന ശക്തമായ ആക്രമണങ്ങൾക്ക് ശേഷം മൊജ്തബ ഖമനെയിയുടെ ആരോഗ്യനില സംബന്ധിച്ച് വലിയ രീതിയിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
ആക്രമണത്തിൽ അദ്ദേഹത്തിന്റെ മുഖം വികൃതമായതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നതായും വിവരങ്ങളുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുമ്പ് പ്രതികരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

