തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ട് പുറത്തുവന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ നടന്ന സമ്പൂർണ്ണ യോഗത്തിനും ഔദ്യോഗിക വിശദീകരണങ്ങൾക്കും ശേഷവും ചില സുപ്രധാന വിഷയങ്ങളിൽ അവ്യക്തത തുടരുകയാണ്. എസ്ഐആറുമായി ബന്ധപ്പെട്ട് ഫോം 6 ലെ തർക്കവിഷയമായ ചോദ്യം മാറ്റിയതായി സൂചനയില്ല.
അപേക്ഷകൻ്റെ മാതാപിതാക്കളെ സംബന്ധിച്ച ചോദ്യം ഒഴിവാക്കണമെന്നായിരുന്നു പ്രധാന ആവശ്യം. കഴിഞ്ഞ ഒക്ടോബർ 13നാണ് ഈ ചോദ്യം അനധികൃതമെന്ന് കമ്മീഷണർ എസ്എസ് സന്ധു വിശേഷിപ്പിച്ചിരുന്നത്.
എന്നാൽ ഇത് മാറ്റിയതായുള്ള ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല. ഫോം 6 സുപ്രീംകോടതി അംഗീകരിച്ചിരുന്നെന്ന വാദമാണ് കമ്മീഷൻ ഉയർത്തിയത് എങ്കിലും ഇക്കാര്യത്തിലും അവ്യക്തത നിലനിൽക്കുന്നുണ്ട്.
SIR സംബന്ധിച്ച മെയ് 27ലെ കോടതി ഉത്തരവിൽ അത്തരമൊരു അംഗീകാരം വ്യക്തമല്ല. കൂടാതെ, ബംഗാളിൽ വോട്ടർമാർക്കെതിരെ അപ്പീൽ നൽകാൻ നിർദേശം നൽകിയത് ആരെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല.
വോട്ടർമാരുടെ പേരുകൾ പുനസ്ഥാപിക്കാൻ ഗോവ ആവശ്യപ്പെട്ട സോഫ്റ്റ് വെയർ പ്രവർത്തനക്ഷമമാകാത്തതിലും കമ്മീഷൻ്റെ ഭാഗത്ത് നിന്ന് കൃത്യമായ വിശദീകരണമില്ല.
രണ്ട് കമ്മീഷണർമാരും നടപടിയെടുക്കണമെന്ന ആവശ്യമുയർത്തിയ, തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ജോലി ചെയ്യുന്ന സീനിയർ ഡപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ മനീഷ് ഗാർഗ്, DG IT സീമ ഖന്ന എന്നിവരുടെ കാര്യത്തിലും കമ്മീഷൻ മൗനം തുടരുകയാണ്. ഈ ഉദ്യോഗസ്ഥർ ചില ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയെന്നായിരുന്നു കമ്മീഷണർമാരുടെ പ്രധാന ആക്ഷേപം.
അതേസമയം, കമ്മീഷൻ്റെ വിശദീകരണത്തെ സ്വാഗതം ചെയ്ത് എൻഡിഎ ഘടകകക്ഷിയായ ടിഡിപി രംഗത്തെത്തി. തെറ്റിദ്ധാരണകൾക്ക് വിരാമമായെന്നാണ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയത്.
കമ്മീഷൻ്റെ വിശ്വാസ്യത ഒരിക്കൽ കൂടി ഉറപ്പിച്ചെന്ന നായിഡുവിൻ്റെ പ്രസ്താവന ബിജെപിക്ക് ആശ്വാസമായിട്ടുണ്ട്. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ്റെ വിമർശനം പ്രതിപക്ഷം നേരത്തെ ആയുധമാക്കിയിരുന്നു.
ഇതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനം കടുപ്പിച്ച് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് രംഗത്തെത്തി. രാഹുലിൻ്റെ നുണ പൊളിഞ്ഞുവീണെന്ന് അദ്ദേഹം പറഞ്ഞു.
കമ്മീഷനെ കുറ്റം പറയാതെ പോയി തെരഞ്ഞെടുപ്പുകൾ ജയിക്കാൻ നോക്കൂയെന്നാണ് രവിശങ്കർ പ്രസാദ് നൽകിയ ഉപദേശം. എന്നാൽ, കമ്മീഷൻ്റെ പ്രസ്താവന പൂർണ്ണമായും തള്ളിക്കളഞ്ഞ കോൺഗ്രസ്, ഈ വിശദീകരണം ഉയർന്ന ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദം മൂലമാണെന്ന് ശക്തമായി ആരോപിച്ചു.
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. എസ്ഐആർ ഉൾപ്പടെ എല്ലാ കാര്യങ്ങളും ഏകകണ്ഠമായാണ് എടുത്തതെന്നാണ് കമ്മീഷന്റെ ഔദ്യോഗിക വിശദീകരണം.
എസ്ഐആറിൽ നിന്ന് ഒഴിവായവർക്ക് പേര് ചേർക്കാൻ ഇനിയും അവസരം നൽകും. പുതുതായി പേരു ചേർക്കാനുള്ള ഫോം 6ൽ നിയമവിരുദ്ധമായ കൂട്ടിചേർക്കൽ ഒഴിവാക്കിയിട്ടുണ്ട്.
എസ്ഐആർ പൂർത്തിയായ സ്ഥലങ്ങളിൽ പഴയ ഫോം 6 ആയിരിക്കും നിലനിൽക്കുക തുടങ്ങിയ കാര്യങ്ങളാണ് കമ്മീഷൻ പ്രധാനമായും വിശദീകരിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

