കൊച്ചി: നിർമാണ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുണ്ടംവേലി പി ആൻ്റ് ടി ഫ്ലാറ്റ് സമുച്ചയം പൊളിച്ചുകളയണമെന്ന നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ എംഎൽഎ കെ ജെ മാക്സി വ്യക്തമാക്കി. ഫ്ലാറ്റിലെ പ്രശ്നങ്ങൾ പൂർണമായും അറ്റകുറ്റപ്പണികൾ നടത്തി പരിഹരിക്കാൻ സാധിക്കുന്നതാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വലിയ തുക മുടക്കി നിർമിച്ച ഒരു കെട്ടിടം യാഥാർത്ഥ്യങ്ങൾ മനസിലാക്കാതെ പൊളിച്ചു കളയണമെന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് നിർമിച്ച പദ്ധതികളെല്ലാം മോശമാണെന്ന് വരുത്തിത്തീർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്.
കെട്ടിടം പൊളിച്ചു കളയുകയല്ല, മറിച്ച് നിലവിലുള്ള പ്രശ്നങ്ങൾ ശാസ്ത്രീയമായി പരിഹരിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. നിർമാണത്തിൽ എന്തെങ്കിലും തരത്തിലുള്ള അപാകതകൾ കണ്ടെത്തിയിട്ടുണ്ടെങ്കിൽ ഉത്തരവാദപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കട്ടെയെന്നും കെ ജെ മാക്സി വ്യക്തമാക്കി.
അതേസമയം, പുനരധിവാസം ആവശ്യപ്പെട്ട് രംഗത്തുവന്ന ഫ്ലാറ്റിലെ താമസക്കാർ സർക്കാരിൻ്റെ രാഷ്ട്രീയ സ്വഭാവം മാറിയപ്പോൾ നിലപാട് മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ മുതലെടുപ്പിൻ്റെ ഭാഗമായി അവർ കോൺഗ്രസ് നേതാക്കളെ ചെന്നു കണ്ടു.
ഫ്ലാറ്റിലെ ജനങ്ങളുടെ നിലപാട് മാറ്റത്തെ വിമർശിച്ച മുൻ എംഎൽഎ, താമസക്കാരുടെ പരാതികളിൽ പറയുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധമാണെന്നും കൂട്ടിച്ചേർത്തു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കുടുംബങ്ങളെ സുരക്ഷിതമായി ഫ്ലാറ്റിൽ തന്നെ താമസിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

