തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് പ്രകമ്പനം വടക്കുന്നാഥ ക്ഷേത്രത്തിന്റെ സുരക്ഷയെയും ഘടനാപരമായ ബലക്ഷയത്തെയും ബാധിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി വിദഗ്ധ സംഘമെത്തുമെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വെടിക്കെട്ട് മൂലം ചരിത്രപ്രധാനമായ ക്ഷേത്ര കെട്ടിടങ്ങൾക്കും പരിസരങ്ങൾക്കും എന്തെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിക്കുന്നുണ്ടോയെന്നും, ഭാവിയിൽ സ്വീകരിക്കേണ്ട
മുൻകരുതലുകൾ എന്തെല്ലാമാണെന്നും വ്യക്തമാക്കുന്ന സമഗ്രമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കി. 2025 വർഷത്തിലെ പൂരം വെടിക്കെട്ട് ക്ഷേത്രത്തോട് വളരെ അടുത്താണ് നടത്തിയതെന്നും, ഇത് മൂലം ഗോപുരങ്ങൾക്കും കൂത്തമ്പലത്തിനും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചുവെന്നും കാണിച്ച് ഭക്തനായ എൻ.കെ.
മോഹൻദാസ് ദേവസ്വം ഓംബുഡ്സ്മാന് നൽകിയ പരാതിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് വി.
രാജ വിജയരാഘവൻ, ജസ്റ്റിസ് കെ. വി.
ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്.
വെടിക്കെട്ടിന്റെ ആഘാതത്തിൽ ഗോപുരങ്ങളുടെ ഓടുകൾ തകരുകയും കെട്ടിടങ്ങളുടെ പ്ലാസ്റ്ററിങ്ങിൽ വിള്ളലുകൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ടെന്നും, തുടർന്ന് ചില അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ടെന്നും ദേവസ്വം അസിസ്റ്റന്റ് എൻജിനീയറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൈതൃക പദവിയുള്ള ഈ ക്ഷേത്രത്തിന്റെ സംരക്ഷണ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകരുതെന്ന് കോടതി ഇതിനുമുമ്പ് കർശനമായി ഓർമ്മിപ്പിച്ചിരുന്നു.
കേസ് വരുന്ന ഒക്ടോബർ 9ന് കോടതി വീണ്ടും പരിഗണിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

