ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെൺപാടുപെടുന്നതിനിടയിൽ വഞ്ചനയുടെ ഇരയായി കരഞ്ഞുതളരേണ്ടി വന്നിട്ടും, സ്വന്തം സത്യസന്ധത കൈവിടാതെ മാതൃകയാവുകയാണ് ഒരു ലോട്ടറി വിൽപനക്കാരി. മയ്യനാട് സ്വദേശിനിയായ അമ്പിളിയെയാണ് കഴിഞ്ഞയാഴ്ച ഒരു അജ്ഞാതൻ ടിക്കറ്റിൽ കൃത്രിമം കാട്ടി കബളിപ്പിച്ചതും 4000 രൂപ തട്ടിയെടുത്തതും.
എന്നാൽ ആ കണ്ണീർ തോരുന്നതിന് മുൻപ് അമ്പിളിയെ തേടി ഒരു സ്വർണത്താലി എത്തിച്ചേരുകയായിരുന്നു. കാറിലേക്ക് കയറുന്നതിനിടെ കൊട്ടിയത്തെ ജ്വല്ലറി ഉടമയുടെ സുഹൃത്തിന് നഷ്ടപ്പെട്ടതായിരുന്നു ആ താലി.
കളഞ്ഞുകിട്ടിയ സ്വർണത്താലി സമീപത്തെ കടകളിൽ ഏൽപ്പിച്ച അമ്പിളി, ഉടമയെത്തിയാൽ തന്നെ വിളിക്കാനുള്ള ഫോൺ നമ്പറും നൽകിയിരുന്നു. തുടർന്ന് ഉടമയുടെ ബന്ധു സ്ഥലത്തെത്തി താലി ഏറ്റുവാങ്ങി.
കാരിക്കുഴിക്കും താന്നി മുക്കിനും മധ്യേ വലിയതോട്ടത്തു കാവ് ക്ഷേത്രത്തിനു സമീപത്തു വച്ചാണ് തട്ടിപ്പുകാരൻ അമ്പിളിയെ തന്ത്രപരമായി വഞ്ചിച്ചത്. തനിക്ക് സമ്മാനം ലഭിച്ച ലോട്ടറി ഉണ്ടെന്നും ഇത് എടുത്ത ശേഷം ബാക്കി പണവും ലോട്ടറിയും നൽകണമെന്നും ഇയാൾ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് നമ്പർ പരിശോധിച്ച ശേഷം 4000 രൂപ നൽകുകയും അമ്പിളിയുടെ കയ്യിൽ നിന്നു 100 രൂപയുടെ ലോട്ടറി വാങ്ങുകയും ചെയ്തു. വൈകുന്നേരത്തോടെ ലോട്ടറി ടിക്കറ്റ് മാറാനായി കടയിൽ എത്തിയപ്പോഴാണ് താൻ ചതിക്കപ്പെട്ട
വിവരം അമ്പിളി അറിയുന്നത്. പൂജ്യത്തിന്റെ സ്ഥാനത്തുള്ള നമ്പറുകൾ തിരുത്തി ഒൻപത് (9) ആക്കി മാറ്റിയായിരുന്നു തട്ടിപ്പ് നടത്തിയത്.
കിടപ്പു രോഗിയായ ഭർത്താവിന്റെ ചികിത്സയ്ക്കും ഉപജീവനത്തിനും വേണ്ടിയാണ് വയോധികയായ അമ്പിളി കിലോമീറ്ററുകളോളം കാൽനടയായി കച്ചവടം നടത്തിവരുന്നത്. “ചായപോലും കുടിക്കാതെ ഉണ്ടാക്കിയ പണമാണ്.
മകന്റെ പ്രായമേ ഉള്ളൂ. ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല”– അമ്പിളി വേദനയോടെ പറയുന്നു.
അമ്പിളിയുടെ പരാതിയിൽ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

