സാമൂഹികമാധ്യമങ്ങളിൽ ആഡംബരവും സമ്പാദ്യവും പ്രദർശിപ്പിച്ച് വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പ്രശസ്ത യൂട്യൂബർമാരുടെ വീട്ടിൽ വൻ കവർച്ച. നാഗർകോവിലിനുസമീപം തമ്മട്ടുകോണത്ത് വിഐപി ഗാർഡനിൽ താമസിക്കുന്ന വിനോദ് കുമാറിന്റെയും മധുമിതയുടെയും വീട്ടിലാണ് വീട് കുത്തിത്തുറന്ന് മോഷ്ടാക്കൾ 118 പവൻ സ്വർണവും പണവും കവർന്നത്.
തങ്ങൾ വാങ്ങിയ പുതിയ സ്വർണ്ണാഭരണങ്ങളും വീട്ടിലുള്ള സമ്പാദ്യവും വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ദമ്പതികൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പൂജാമുറിയിലടക്കം സൂക്ഷിച്ചിരുന്ന പണവും സ്വർണവും കാണിച്ച് ഇവർ പങ്കുവെച്ച ഷോർട്സ് വീഡിയോ വൻതോതിൽ വൈറലായിരുന്നു.
കൂടാതെ, കുഞ്ഞിനെ നോട്ടുകൾ കൊണ്ട് അഭിഷേകം നടത്തുന്ന ദൃശ്യങ്ങളും ഇവർ പ്രചരിപ്പിച്ചിരുന്നു. ഈ ദൃശ്യങ്ങൾ കണ്ട് വീട് നിരീക്ഷിച്ച് ആസൂത്രിതമായാണ് കവർച്ച നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
ദമ്പതികൾ വീടിന് പുറത്തുപോയ തക്കത്തിലാണ് മോഷ്ടാക്കൾ അകത്തുകടന്നത്. അതീവ സുരക്ഷാ മേഖലയിലുള്ള ഈ വീട്ടിലെ പിൻവാതിൽ തകർത്താണ് അക്രമികൾ അകത്തുപ്രവേശിച്ചത്.
തുടർന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 118 പവൻ സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ദമ്പതികൾ പൊലീസിൽ പരാതി നൽകി.
വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ രാജഗമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ഫോൺ കോളുകളും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

