കാസർകോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും തുടർച്ചയായി അനുഭവപ്പെടുന്ന വൈദ്യുതി മുടക്കം ജനങ്ങളെ ദുരിതത്തിലാക്കുന്നു. കടുത്ത ചൂടിനിടയിൽ ഫാനുകൾ പോലും പ്രവർത്തിക്കാതായതോടെ വീടുകളിലും ഓഫിസുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജനങ്ങൾ വിയർപ്പൊഴുക്കേണ്ട
അവസ്ഥയാണ്. ശരീരം തണുപ്പിക്കാൻ ശീതളപാനീയങ്ങൾ തേടിയെത്തുന്നവരും പ്രതിസന്ധിയിലാണ്.
ബദൽ സംവിധാനങ്ങളില്ലാത്ത ഓഫിസുകളിലും ധനകാര്യ സ്ഥാപനങ്ങളിലും വൈദ്യുതി മുടക്കം കാരണം ഔദ്യോഗിക ജോലികൾ പൂർണ്ണമായും സ്തംഭിക്കുന്നു. പലയിടങ്ങളിലും എടിഎം കൗണ്ടറുകളുടെ പ്രവർത്തനവും തടസ്സപ്പെടുന്നുണ്ട്.
ലോഡ് ഷെഡിങ്, ലൈൻ മാറ്റൽ, കാക്ക വീഴുന്നത്, വൈദ്യുതത്തൂൺ തകരുന്നത്, ലൈനിലേക്ക് മരം വീഴുന്നത് തുടങ്ങി വിവിധ കാരണങ്ങളാൽ മണിക്കൂറുകളോളം കറണ്ട് പോകുന്നതാണ് പതിവായിരിക്കുന്നത്. ഇത് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്ത് ചെറുകിട സംരംഭങ്ങൾ ആരംഭിച്ചവരുടെ നിത്യവരുമാനമാണ് വൈദ്യുതി തടസ്സം മൂലം നഷ്ടപ്പെടുന്നത്.
മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ പോലും സാധിക്കാത്തത് ദൈനംദിന ഇടപാടുകളെ സാരമായി ബാധിക്കുന്നുണ്ട്. ജലഅതോറിറ്റി വഴിയും കുഴൽക്കിണറുകൾ മുഖേനയുമുള്ള കുടിവെള്ള വിതരണവും വൈദ്യുതി പ്രതിസന്ധി കാരണം താറുമാറായിരിക്കുകയാണ്.
കാസർകോട് സെക്ഷൻ പരിധിയിൽ വിദ്യാനഗർ മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെ ഹൈവേ ജോലികൾക്കായി ഇന്നലെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് തലേദിവസം തന്നെ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ വൈകിട്ട് 6 കഴിഞ്ഞിട്ടും വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിച്ചില്ല.
ടവർ ലൈൻ ജോലി നടക്കുന്നതിനാൽ ബാക്ക് ഫീഡിങ് സൗകര്യം ഉണ്ടായിരിക്കില്ലെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. തളങ്കര ഭാഗത്ത് ഫീഡർ തകരാർ കണ്ടെത്താൻ വൈകിയതും ജനങ്ങളെ വലച്ചു.
അതേസമയം, കാസർകോട്, മഞ്ചേശ്വരം, കുബനൂർ തുടങ്ങിയ വിവിധ സബ്സ്റ്റേഷൻ പരിധികളിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി മയിലാട്ടി – വിദ്യാനഗർ പ്രസരണ ലൈൻ നവീകരണ ജോലികൾ പുരോഗമിക്കുകയാണ്. ഒക്ടോബർ 15 വരെ ഇടവിട്ടുള്ള വൈദ്യുതി മുടക്കം ഉണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഈ നവീകരണ ജോലികൾ പൂർത്തിയാകുന്നതോടെ പ്രദേശത്തെ ദീർഘകാലമായുള്ള വൈദ്യുതി തടസ്സത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

