പത്തനംതിട്ട ജില്ലയിൽ കെഎസ്ആർടിസി ബസുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഗുരുതര പ്രതിസന്ധി നിലനിൽക്കുന്നു. കെഎസ്ആർടിസി ബസുകളുടെ റജിസ്ട്രേഷൻ കാലാവധി 15 വർഷത്തിൽ നിന്നു 20 വർഷമായി ഉയർത്തിയെങ്കിലും, വാഹനങ്ങളുടെ പുക പരിശോധന പൂർത്തിയാക്കാൻ ആവശ്യമായ സംവിധാനങ്ങൾ അപര്യാപ്തമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ ‘പരിവാഹൻ’ പോർട്ടലിൽ ചേർക്കുവാൻ സാധിക്കാത്തതാണ് പ്രധാന തടസ്സമായി മാറിയിരിക്കുന്നത്. ഈ കാരണം കൊണ്ട് തന്നെ സാധാരണ പുക പരിശോധനാ കേന്ദ്രങ്ങളിൽ നിന്നും സർട്ടിഫിക്കറ്റ് കരസ്ഥമാക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ഇതിന്റെ പശ്ചാത്തലത്തിൽ, കെഎസ്ആർടിസിയുടെ സ്വന്തം ഉടമസ്ഥതയിലുള്ള ചുരുക്കം ചില പുക പരിശോധനാ കേന്ദ്രങ്ങളെ മാത്രമാണ് നിലവിൽ സർക്കാർ വാഹനങ്ങൾ ആശ്രയിക്കുന്നത്. പൊതുവെ സാധാരണ പുക പരിശോധനാ കേന്ദ്രങ്ങളിൽ പരിവാഹൻ പോർട്ടൽ വഴി വാഹനങ്ങളുടെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് സർട്ടിഫിക്കറ്റുകൾ നൽകാറുള്ളത്.
പരിശോധനാ വേളയിൽ ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ ലൈവായി പോർട്ടലിലേക്ക് അപ്ലോഡ് ചെയ്യണമെന്നാണ് നിയമം. എന്നാൽ 15 വർഷം പിന്നിട്ട
കെഎസ്ആർടിസി ബസുകളുടെ ഡാറ്റ പോർട്ടലിൽ ലഭ്യമല്ലാത്തതിനാൽ ഇത്തരം കേന്ദ്രങ്ങളിൽ നിന്നും ഇവയ്ക്ക് അനുമതി ലഭിക്കില്ല. നിലവിൽ വികാസ്ഭവൻ, ആലുവാ, പയ്യന്നൂർ തുടങ്ങിയ അപൂർവ്വം ചില ഡിപ്പോകളിൽ മാത്രമാണ് കെഎസ്ആർടിസിക്ക് സ്വന്തമായി പുക പരിശോധനാ കേന്ദ്രങ്ങൾ ഉള്ളത്.
ഈ കേന്ദ്രങ്ങളിൽ എത്തിച്ചു പരിശോധന നടത്തി സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ശേഷമാണ് ബസുകൾക്ക് ഫിറ്റ്നസ് ഉറപ്പാക്കുന്നത്. മറ്റിടങ്ങളിൽ സർവീസ് നടത്തുന്ന ബസുകൾ ഈ ഡിപ്പോകളിലേക്ക് ദീർഘദൂരം സർവീസ് നടത്തി എത്തിക്കേണ്ട
അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിപ്പോയിലെ ഒരു ഓർഡിനറി ബസ് പുക പരിശോധന പൂർത്തിയാക്കുന്നതിനായി മാത്രം ഏകദേശം 212 കിലോമീറ്ററാണ് സഞ്ചരിച്ചത്.
ഫിറ്റ്നസ് കാലാവധി അവസാനിക്കുന്ന മറ്റ് വാഹനങ്ങൾക്കും ഇതേ രീതിയിൽ നൂറുകണക്കിന് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ മാത്രമേ പുക സർട്ടിഫിക്കറ്റ് സ്വന്തമാക്കാൻ സാധിക്കൂ. ബസുകൾ നേരിട്ട് ഹാജരാക്കാതെ പുക സർട്ടിഫിക്കറ്റുകൾ അനധികൃതമായി തരപ്പെടുത്തുന്ന പ്രവണത മുൻപ് കണ്ടെത്തിയിരുന്നു.
ഇതിന്റെ തുടർച്ചയായാണ് കർശന പരിശോധനയുടെ ഭാഗമായി ബസുകൾ ഇത്തരത്തിൽ ദൂരസ്ഥലങ്ങളിലെ കേന്ദ്രങ്ങളിലേക്ക് കാലിയായി ഓടിച്ചു പോകേണ്ടി വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

