സംസ്ഥാനത്തെ പ്രധാന ആരോഗ്യ വിദ്യാഭ്യാസ ഹബ്ബുകളിലൊന്നായ തൃശൂർ ഗവ. മെഡിക്കൽ കോളജ് ക്യാംപസ് വികസനക്കുതിപ്പിനൊരുങ്ങുമ്പോഴും, ഇവിടേക്കുള്ള റോഡുകളുടെ പരിതാവസ്ഥ വലിയ തിരിച്ചടിയാകുന്നു.
മുളങ്കുന്നത്തുകാവിൽ സ്ഥിതി ചെയ്യുന്ന ആരോഗ്യ സർവകലാശാല ആസ്ഥാനം ഉൾപ്പെടുന്ന ഈ ക്യാംപസിലേക്ക് എത്തുന്നതിനുള്ള പ്രധാന പാതകൾ ഇന്നും വളവും തിരിവും നിറഞ്ഞ ഒറ്റവരിപ്പാതകളായി തുടരുകയാണ്. സ്ഥാപനത്തിന്റെ യശസ്സിന് കളങ്കം ചാർത്തുന്ന ഈ റോഡ് പ്രശ്നത്തിന് പരിഹാരം കാണാൻ ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.
പതിറ്റാടുകൾ പഴക്കമുള്ള ഈ യാത്രാക്ലേശത്തിന് വർഷങ്ങളുടെ ചരിത്രമുണ്ട്. 1982 ഏപ്രിൽ 30ന് അന്നത്തെ ഗവർണർ ജ്യോതിവെങ്കിടാചലം തറക്കല്ലിടുമ്പോൾ എങ്ങനെയോ, അതേ നിലവാരത്തിലുള്ള ഇടുങ്ങിയ റോഡുകളാണ് ഇപ്പോഴും ആശ്രയിക്കേണ്ടി വരുന്നത്.
800 മീറ്റർ മുതൽ 1.5 കിലോമീറ്റർ മാത്രം ദൂരമുള്ള ഈ പാതകൾ വീതികൂട്ടി നവീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ട് നാലു പതിറ്റാണ്ടിലേറെയായി. ദേശീയപാതാ നിലവാരത്തിൽ റോഡുകൾ നവീകരിക്കുമെന്ന പ്രഖ്യാപനങ്ങൾ മാത്രമാണ് ഇതുവരെ മിച്ചമുള്ളത്.
മെഡിക്കൽ കോളജിനും രണ്ട് ആശുപത്രികൾക്കും പുറമേ, ആരോഗ്യ സർവകലാശാല, നഴ്സിങ് കോളജ്, ഡെന്റൽ കോളജ്, ഡ്രഗ് ടെസ്റ്റിങ് ലാബ്, സബ് ട്രഷറി, പൊലീസ് സ്റ്റേഷൻ, ഇലക്ട്രിക്കൽ സബ്സ്റ്റേഷൻ, പൊതുമരാമത്ത് വിഭാഗം തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളാണ് ഇക്കാലയളവിൽ ഇവിടെ പ്രവർത്തനമാരംഭിച്ചത്. നിലവിൽ ദിവസേന പതിനായിരത്തോളം ആളുകളാണ് ആശുപത്രി മാത്രം ആശ്രയിച്ച് എത്തുന്നത്.
600 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയായിവരുന്ന സൂപ്പർ സ്പെഷൽറ്റി എമർജൻസി ക്രിട്ടിക്കൽ കെയർ യൂണിറ്റും അമ്മയും കുഞ്ഞും ബ്ലോക്കുകളും ജനുവരിയിൽ പ്രവർത്തനക്ഷമമാകുന്നതോടെ ക്യാംപസിലെ തിരക്ക് ഇരട്ടിയാകും. അത്താണി, മുളങ്കുന്നത്തുകാവ് റെയിൽവേ മേൽപ്പാലങ്ങൾ വഴി എത്തുന്ന വാഹനങ്ങൾ പിന്നീട് ഇടുങ്ങിയ ഒപി റോഡുകളിലാണ് എത്തിച്ചേരുന്നത്.
വെളപ്പായ ഒപി റോഡും അത്താണി-നെഞ്ച് രോഗാശുപത്രി റോഡിന്റെ അപ്രോച്ച് റോഡും വികസിപ്പിക്കാൻ സ്വകാര്യ വ്യക്തികളിൽ നിന്ന് ഭൂമി ഏറ്റെടുക്കേണ്ടത് അത്യാവശ്യമാണ്. വർഷങ്ങളായി ക്യാംപസിനുള്ളിലൂടെയുള്ള പൊതുഗതാഗതം തുടരുന്നത് സുരക്ഷാ ക്രമീകരണങ്ങൾക്കും അക്കാദമിക പ്രവർത്തനങ്ങൾക്കും തടസ്സമാകുന്നുണ്ട്.
350 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ക്യാംപസിലെ റിങ് റോഡുകൾ വികസിപ്പിച്ചാൽ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരം കാണാനാകൂ. ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലായി ദിവസേന വലിയൊരു ജനക്കൂട്ടമാണ് ചികിത്സ തേടിയെത്തുന്നത്.
ഒപികളിൽ മാത്രം ശരാശരി 3,350 രോഗികളും അത്യാഹിത വിഭാഗത്തിൽ ആയിരത്തോളം പേരും എത്തുന്നു. ഡേകെയർ യൂണിറ്റിൽ നൂറോളം പേരും, വാർഡുകളിലായി 1,641 രോഗികളും, ഐസിയുവിൽ 148 പേരും ഉൾപ്പെടെ പ്രതിദിനം ആറായിരത്തിലേറെ രോഗികളാണ് ഇവിടെ ചികിത്സയിലുള്ളത്.
കൂട്ടിരിപ്പുകാരുടെ കണക്ക് ഇതിനു പുറമെയാണ്. ഈ സാഹചര്യത്തിൽ, ഭാവി വികസനം കൂടി മുൻകൂട്ടി കണ്ട് റോഡ് നവീകരണം, പാർക്കിങ് സൗകര്യം, ഗതാഗത റൂട്ട് ക്രമീകരണം എന്നിവ ഉൾപ്പെടുത്തി സമഗ്രമായ ഒരു വികസന മാർഗരേഖ ഉടൻ തയാറാക്കണമെന്നാണ് പൊതുജനങ്ങളുടെയും വിദ്യാർഥികളുടെയും ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

