കുവൈത്തിൽ ലഹരിമരുന്ന് നിർമ്മാണ കേന്ദ്രം സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. കബ്ദ് പ്രദേശത്തെ ഫാം ഹൗസ് കേന്ദ്രമാക്കി ഷാബു നിർമ്മാണവും വ്യാപാരവും നടത്തിവന്ന പ്രതിയെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ്ന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ നിർണായക നടപടി സ്വീകരിച്ചത്. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ സാദ് അൽ അബ്ദുല്ലയിലെ വസതിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് കിലോഗ്രാം ഷാബുവും ലഹരിമരുന്ന് നിർമ്മാണത്തിനായുള്ള അസംസ്കൃത വസ്തുക്കളും കണ്ടെടുത്തു. കൂടാതെ, വീടിന് സമീപം ഭൂമിക്കടിയിൽ കുഴിച്ചിട്ട
നിലയിൽ ഒളിപ്പിച്ചിരുന്ന പണവും അധികൃതർ പിടിച്ചെടുത്തു. കബ്ദിലെ ഫാം ഹൗസിൽ ഷാബു നിർമ്മിച്ചിരുന്നതായും, പിടിച്ചെടുത്ത പണം ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതാണെന്നും പ്രതി ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇരട്ട പൗരത്വം കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ കുവൈത്ത് പൗരത്വം പിൻവലിക്കപ്പെട്ട
വ്യക്തിയാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. പ്രതിക്കെതിരെയുള്ള നിയമനടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ലഹരിമരുന്ന് നിർമ്മാണത്തിനായി ഉപയോഗിച്ച ഫാം ഹൗസിന്റെ അനുമതി റദ്ദാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. രാജ്യത്ത് ലഹരിമരുന്ന് നിർമ്മാണത്തിനും വ്യാപാരത്തിനുമെതിരെ ശക്തമായ നടപടികൾ കർശനമായി തുടരുമെന്ന് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

