ശബരിമലയിൽ കന്നിമാസ പൂജയ്ക്ക് അപ്രതീക്ഷിതമായി കൂടുതൽ ഭക്തരെത്തിയതാണ് അരവണ വിതരണത്തിൽ ചെറിയ പ്രതിസന്ധിക്കു കാരണമായതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ വ്യക്തമാക്കി. സാധാരണ മാസപൂജയ്ക്ക് രണ്ടര ലക്ഷം ടിൻ അരവണയാണു വേണ്ടിവരുന്നത്.
മൂന്നേകാൽ ലക്ഷം ടിൻ തയാറാക്കി വെച്ച ശേഷമാണ് അരവണ പ്ലാന്റ് ശേഷി വർധിപ്പിക്കുന്നതിനായി അടച്ചത്. എന്നാൽ രണ്ടു ദിവസം കൂടുതൽ ആളുകൾ എത്തിയപ്പോഴാണ് ചെറിയ നിയന്ത്രണം വേണ്ടിവന്നത്.
സാധാരണ മാസപൂജയ്ക്ക് അഞ്ചു കോടിയാണു വരുമാനമെങ്കിൽ, ഇത്തവണ അത് ഏഴരക്കോടി കടന്നു. അരവണ പ്ലാന്റിന് ഒന്നര മാസത്തെ അറ്റക്കുറ്റപ്പണികളാണ് ആവശ്യമായി വരുന്നത്.
മണ്ഡല മകരവിളക്കു സീസണിൽ പ്രതിദിനം ഒരു ലക്ഷം ടിൻ അധികം തയാറാക്കുന്ന തരത്തിലേക്കു പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും, ഇപ്പോഴത്തെ പ്രവൃത്തികൾ ഒക്ടോബർ പത്തോടെ തീരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുറത്തു പ്രചരിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങൾ ശബരിമലയിൽ ഇല്ലെന്നും അടുത്ത സീസണു വേണ്ടിയുള്ള ഒരുക്കങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുകയാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.
ഇടനിലക്കാരെ ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ സ്വാഭാവികമായി പല ഭാഗത്തുനിന്നും സമ്മർദമുണ്ടാകും. ഗുണനിലവാര പരിശോധന മറികടന്നു മോശപ്പെട്ട
സാധനങ്ങൾ സന്നിധാനത്ത് എത്തുന്ന നില ഒഴിവാക്കാനാണ് ഇത്തവണ പമ്പയിൽ കർശന പരിശോധന നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ശബരിമല അരവണ പ്രതിസന്ധിയിൽ ദേവസ്വം മന്ത്രി കെ.മുരളീധരൻ കടുത്ത അതൃപ്തിയിലാണ്.
ദേവസ്വം ബോർഡിനെ ഒഴിവാക്കി പ്രത്യേക ടീമിനെ വെച്ച് അടുത്ത സീസൺ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുമെന്നു മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി മന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും, അരവണ പ്രതിസന്ധിയിൽ ആശങ്ക അറിയിച്ച് പൊലീസും സർക്കാരിനു കത്തു നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

