ഇന്ത്യയിലെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളെ വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമായും മൂന്ന് വിഭാഗങ്ങളായാണ് തരംതിരിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തെ 100 കമ്പനികൾ ലാർജ് ക്യാപ് വിഭാഗത്തിലും, തുടർന്നുളള 150 കമ്പനികൾ മിഡ് ക്യാപ് വിഭാഗത്തിലും, അതിനുശേഷമുള്ള കമ്പനികൾ സ്മോൾ ക്യാപ് വിഭാഗത്തിലുമാണ് ഉൾപ്പെടുന്നത്.
ഒരു മൾട്ടി ക്യാപ് ഫണ്ട് ഈ മൂന്ന് വിഭാഗങ്ങളിലും കൃത്യമായി കുറഞ്ഞത് 25% വീതം നിക്ഷേപം നടത്തണമെന്നാണ് വ്യവസ്ഥ. അതിനാൽ നിക്ഷേപം ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിലേക്ക് മാത്രം അമിതമായി കേന്ദ്രീകരിക്കപ്പെടാനുള്ള സാധ്യത ഇതിലൂടെ ഒഴിവാക്കപ്പെടുന്നു.
ഈ സവിശേഷതയാണ് ഇത്തരം ഫണ്ടുകളെ നിക്ഷേപകർക്കിടയിൽ കൂടുതൽ ആകർഷകമാക്കുന്നത്. ഉയർന്ന സ്ഥിരതയും ലിക്വിഡിറ്റിയുമുള്ള ലാർജ് ക്യാപ് ഓഹരികൾ വിപണിയിലെ ചാഞ്ചാട്ടങ്ങളെ വളരെ മെച്ചപ്പെട്ട
രീതിയിൽ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ്. അതേസമയം, മിഡ് ക്യാപ്, സ്മോൾ ക്യാപ് കമ്പനികൾ ഉയർന്ന നേട്ടസാധ്യത നൽകുന്നവയാണ്.
ഭാവിയിൽ വൻകിട കമ്പനികളായി വളരാൻ സാധ്യതയുള്ളവ ഈ വിഭാഗങ്ങളിൽ കണ്ടെത്താമെങ്കിലും അവയിൽ റിസ്കും വിപണി ചാഞ്ചാട്ടവും താരതമ്യേന കൂടുതലായിരിക്കും.
ഈ മൂന്നു വിഭാഗങ്ങളിലും ഒരേസമയം നിക്ഷേപം വിഭജിച്ചു നൽകുന്നതിലൂടെ നിക്ഷേപകർക്ക് മികച്ചൊരു വിപണി വൈവിധ്യവൽക്കരണം ഉറപ്പാക്കാൻ മൾട്ടി ക്യാപ് ഫണ്ടുകൾക്ക് സാധിക്കുന്നു. ഈ വൈവിധ്യവൽക്കരണത്തിന് സവിശേഷമായ രണ്ട് വശങ്ങളാണുള്ളത്.
മിഡ്, സ്മോൾ ക്യാപ് ഓഹരികൾ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഘട്ടങ്ങളിൽ, ലാർജ് ക്യാപ് ഓഹരികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫണ്ടുകളെ അപേക്ഷിച്ച് ഉയർന്ന നേട്ടം സമ്മാനിക്കാൻ ഇവയ്ക്ക് സാധിക്കും. മറുവശത്ത്, വിപണിയിൽ തിരിച്ചടികൾ നേരിടുമ്പോൾ നിർബന്ധിത ലാർജ് ക്യാപ് നിക്ഷേപം നിക്ഷേപകർക്ക് ആവശ്യമായ സുരക്ഷയും ഒരുക്കും.
സ്മോൾ ക്യാപ് ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ഒരു പരിധി വരെ കുറയ്ക്കാനും എന്നാൽ ദീർഘകാല വളർച്ചാ സാധ്യത നിലനിർത്താനും ഈ സംവിധാനം സഹായിക്കുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി ഏതെങ്കിലും ഒരു വിഭാഗം കൂടുതൽ ആകർഷകമാണെന്ന് ഫണ്ട് മാനേജർക്ക് തോന്നിയാൽ പോലും, പോർട്ഫോളിയോ പൂർണ്ണമായി ആ വിഭാഗത്തിലേക്ക് മാറ്റാൻ അദ്ദേഹത്തിന് നിയമപരമായി സാധിക്കില്ല.
ഇത്തരത്തിലുള്ള സുരക്ഷിതമായ നിക്ഷേപ രീതികൾ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന ഒരു പദ്ധതിയാണ് ഐസിഐസിഐ പ്രൂഡൻഷ്യൽ മൾട്ടി ക്യാപ് ഫണ്ട്. 1994 ഒക്ടോബർ മാസത്തിൽ തുടക്കം കുറിച്ച ഈ ഫണ്ട്, പ്രവർത്തനമാരംഭിച്ച നാൾ മുതൽ ശരാശരി (CAGR) 15% ആദായമാണ് നൽകിയിട്ടുള്ളത്.
2026 മേയ് 30 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ, ഈ ഫണ്ട് മൂന്ന് വർഷക്കാലയളവിൽ 17.80 ശതമാനവും അഞ്ച് വർഷത്തെ കാലയളവിൽ 16.17 ശതമാനവും നേട്ടമാണ് നിക്ഷേപകർക്ക് സമ്മാനിച്ചിട്ടുള്ളത്. (ലേഖകൻ ജിംസൺ ഡേവിഡ്, സ്ഥാപകൻ, നേവിയോൺ വെൽത്ത്)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

