വള്ളിക്കോട് –കോട്ടയം അന്തിച്ചന്ത കല്ലേലിക്കുഴിയിൽ വീട്ടിൽ റിയ സൈമൺ ഡോക്ടറുടെ കുപ്പായമണിയുമ്പോൾ അത് കഠിനാധ്വാനത്തിന്റെയും അതിജീവനത്തിന്റെയും നേർസാക്ഷ്യമായി മാറുന്നു. കടുത്ത റോഡപകടവും ശാരീരിക ബുദ്ധിമുട്ടുകളും തകർത്ത ജീവിതത്തിൽ നിന്നാണ് ഈ മിടുമിടുക്കിയുടെ മാതൃകാപരമായ മുന്നേറ്റം.
ആറാം ക്ലാസിൽ പഠിക്കുമ്പോൾ സംഭവിച്ച ദാരുണമായ അപകടത്തിന്റെ വേദനയും ഓർമ്മകളും ഇനിയും റിയയെ വിട്ടുമാറിയിട്ടില്ലെങ്കിലും, ആ പ്രതിസന്ധികളെയെല്ലാം പിന്തള്ളിയാണ് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ നിന്ന് 60% മാർക്കോടെ എംബിബിഎസ് പഠനം റിയ പൂർത്തിയാക്കിയത്.
2015 ജനുവരി 19-നാണ് റിയയുടെ ജീവിതം മാറ്റിമറിച്ച ആ അപകടം സംഭവിച്ചത്. മുത്തച്ഛൻ എം.വി.ജോസഫിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന റിയയെ, പത്തനംതിട്ട
റിങ് റോഡിൽ സ്വകാര്യ ആശുപത്രിക്കു സമീപത്തുവച്ച് കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന റിയയുടെ ഭാഗത്താണ് ബസ് ഇടിച്ചത്.
തുടർന്ന് ജോസഫിന്റെ കാൽപാദത്തിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു. അപകടത്തിൽ റിയയുടെ കാലിലെ അസ്ഥികൾ തകരുകയും ഇടുപ്പെല്ല് പൊടിയുകയും ചെയ്തു.
ഒപ്പം രണ്ടു വാരിയെല്ലുകൾ ഒടിഞ്ഞു ശ്വാസകോശത്തിലേക്ക് കയറുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ കുട്ടിയെ നാട്ടുകാർ ചേർന്ന് മീറ്ററുകൾ അകലെയുള്ള ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ബോധം നഷ്ടപ്പെട്ടിരുന്നു.
24 മണിക്കൂർ മാത്രമാണ് ഡോക്ടർമാർ ആയുസ്സ് വിധിച്ചതെങ്കിലും അസാധാരണമായ ഇച്ഛാശക്തിയോടെ റിയ മരണത്തെ തോൽപിക്കുകയായിരുന്നു. ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് പിന്നീട് മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഒന്നരമാസം വെന്റിലേറ്ററിൽ കഴിഞ്ഞ റിയയ്ക്ക് മൂന്നു മാസത്തിനുള്ളിൽ ശ്വാസകോശത്തിന് ഉൾപ്പെടെ 7 വലിയ ശസ്ത്രക്രിയകളാണ് നടത്തേണ്ടി വന്നത്. വാക്കറിന്റെ സഹായത്തോടെ ചെറുതായി നടക്കാൻ കഴിയുമെന്ന് കണ്ടതോടെയാണ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് ഡിസ്ചാർജ് ചെയ്തത്.
തന്നെ പുനർജൻമത്തിലേക്ക് കൈപിടിച്ചുയർത്തിയ ഡോക്ടർമാരെ മാതൃകയാക്കി താനും ഡോക്ടറാകുമെന്ന് റിയ ആ പ്രതിസന്ധിഘട്ടത്തിൽ തന്നെ മനസ്സിൽ ഉറപ്പിച്ചിരുന്നു. അപകടത്തെ തുടർന്ന് രണ്ടു വർഷത്തോളം സ്കൂളിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും, ആത്മവിശ്വാസം കൈവിടാതെ വാർഷിക പരീക്ഷകൾ പ്രത്യേകമായി എഴുതി വിജയിച്ചു.
വാക്കറിന്റെ പിന്തുണയോടെയായിരുന്നു സ്കൂളിൽ എത്തിയിരുന്നത്. ഉച്ചവരെ ക്ലാസുകളിൽ പങ്കെടുത്ത ശേഷം ഉച്ചയ്ക്കുശേഷമുള്ള സമയം ഫിസിയോതെറപ്പിക്കായി മാറ്റിവച്ചു.
ഈ കഠിന പരിശ്രമങ്ങളുടെയെല്ലാം ഫലമായി നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയാണ് റിയ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസിന് പ്രവേശനം നേടിയത്. സൈമൺ സാമുവലിന്റെയും സുനു സൈമണിന്റെയും രണ്ടു മക്കളിൽ മൂത്തയാളാണ് റിയ സൈമൺ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

